ജാർഖണ്ഡ്: ജാർഖണ്ഡിൽ ആൾക്കൂട്ടക്കൊല. റാഞ്ചിയിൽ മോഷണക്കുറ്റം ആരോപിച്ച് 20കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. റാഞ്ചിയിലെ മഹുതോലി ഗ്രാമത്തിൽ ആണ് സംഭവം. കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാജിദ് അൻസാരി എന്ന യുവാവാണ് മരിച്ചത്. പുലർച്ചെ നാലരയോടെ മകൻ വീട്ടിൽ നിന്നും അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതായി പിതാവ് അബ്ദുൾ റഹ്മാൻ അൻസാരി പറയുന്നു. മകൻ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും മോഷ്ടിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
മഹുത്തോളി ഗ്രാമത്തിൽ നിന്ന് വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയപ്പോഴാണ് മകനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ചിലർ മർദിക്കുന്നത് കണ്ടതെന്ന് അബ്ദുൾ റഹ്മാൻ പറയുന്നു.
മകൻ മോഷ്ടിക്കാൻ ഒരാളുടെ വീട്ടിൽ കയറിയതായി ഗ്രാമവാസികൾ ആരോപിച്ചു. മോഷ്ടിച്ചെങ്കിൽ തോണ്ടി മുതൽ എവിടെയെന്ന് ഞാൻ ചോദിച്ചു. ഒരു പൊതി കഞ്ചാവ് കണ്ടെടുത്തതായി അവർ പറഞ്ഞു. അപ്പോഴേക്കും മകൻ രക്തം വാർന്നു അവശനായി. പിന്നീട് പൊലീസ് സ്ഥലത്തെത്തി മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും വാജിദ് മരിച്ചതായി പിതാവ് അബ്ദുൾ റഹ്മാൻ കൂട്ടിച്ചേർത്തു. കഞ്ചാവ് കൈവശം വെച്ചതിന് ആരെങ്കിലും കൊല്ലപ്പെടുമോയെന്നും 67 കാരൻ ചോദിച്ചു.
അബ്ദുള്ളയുടെ പരാതിയിൽ 9 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments