കോഴിക്കോട്: ആക്രമണത്തിനായി ലക്ഷ്യമിട്ടത് ഏതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനമെന്ന് പ്രതി ഷാഹ്‌റൂഖ് സെയ്ഫിയുടെ മൊഴി. കേരളം തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമായാണ്. ആക്രമണം നടത്തിയത് സ്വന്തം നിലയിലാണെന്നുമാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തില്‍ എടുത്തിട്ടില്ല.
ഇതോടെ പ്രതിയുടെ ഐഎസ് ബന്ധം പരിശോധിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. ഐഎസ് പ്രസിദ്ധീകരണമായ വോയ്സ് ഓഫ് ഖൊറാസാന്‍ തുടര്‍ച്ചയായ ലക്കങ്ങളില്‍ ദക്ഷിണേന്ത്യ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഏറ്റവുമൊടുവിലത്തെ 23ാം ലക്കത്തില്‍ സ്വന്തം നിലയില്‍ ആക്രമണത്തിനും ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ ആക്രമണം എന്നാണ് അന്വേഷണ ഏജന്‍സി പരിശോധിക്കുന്നത്.
അതേസമയം, എലത്തൂര്‍ തീവണ്ടി ആക്രമണം ‘പരീക്ഷണം’ ആയിരുന്നോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. മറ്റൊരു വമ്പന്‍ ആക്രമണത്തിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് ആയിരുന്നോ എന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആക്രമണത്തിന് ഷാഹ്‌റൂഖിന് പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിരുന്നില്ല എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. പരിശീലനം ലഭിച്ചിരുന്നു എങ്കില്‍ ഷാഹ്‌റൂഖിന് പൊള്ളല്‍ ഏല്‍ക്കില്ലായിരുന്നുവെന്നും നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ബാഗ് അലക്ഷ്യമായി കൈകാര്യം ചെയ്യില്ലായിരുന്നു എന്നും അന്വേഷണ സംഘം നിരീക്ഷിച്ചു. കൃത്യത്തിന് പിന്നില്‍ ഷാഹ്‌റൂഖ് ഒറ്റക്കല്ല എന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നു.
Post Your Comments