Latest NewsIndia

രാഹുല്‍ വിദേശത്തുപോയി ആരെയൊക്കെ കാണുന്നുണ്ടെന്നറിയാം, കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതലൊന്നും പറയുന്നില്ല: ഗുലാം നബി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്‌ മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. രാഹുല്‍ വിദേശത്തുപോയി ആരെയൊക്കയാണ് കാണുന്നതെന്ന് അറിയാമെന്നും എന്നാല്‍ ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനിലിനോട് പറഞ്ഞു. ‘അനില്‍ ആന്റണി ബി ജെ പിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണ്. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് അറിയാം.കോണ്‍ഗ്രസിലെ അര ഡസന്‍ നേതാക്കളാണ് ബി ജെ പിയെ വളര്‍ത്തുന്നത്.

രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്. ആരും തെറ്റിക്കുന്നതല്ല. യുവ നേതാക്കള്‍ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ല. അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇപ്പോഴത്തെ നേതാക്കള്‍ക്കില്ല. ജി 23 നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. താന്‍ കാത്തുനിന്നില്ല’-ഗുലാംനബി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടവരെ അദാനിയുടെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് പരിഹസിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനുള്ള മറുപടിയെന്നോണമായിരുന്നു ഗുലാംനബിയുടെ പ്രതികരണം. കോണ്‍ഗ്രസ് വിട്ടവരെ അദാനിയുടെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്തായിരുന്നു രാഹുലിന്റെ പരിഹാസം . മുതി‌ര്‍ന്ന നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പിയിലെത്തിയ അനില്‍ ആന്റണിയുടെ പേരും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അതേസമയം രാഹുലിന്റെ ട്വീറ്റിനെ തിരിച്ച്‌ പരിഹസിച്ച്‌ അനില്‍ രംഗത്തെത്തി.പതിറ്റാണ്ടുകളോളം കോണ്‍ഗ്രസില്‍ പ്രവ‌ര്‍ത്തിച്ച ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്‌ഡി, ഹിമന്ത ബിശ്വ ശര്‍മ എന്നിവരോടോപ്പം തന്റെ പേരും ചേര്‍ത്തത് കണ്ടപ്പോള്‍ സന്തോഷവും ദുഃഖവും തോന്നിയെന്ന് അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ മൂന്നോ നാലോ വര്‍ഷമേ ആയിട്ടുള്ളൂ, അത്തരത്തിലുള്ള ഒരാളെ ഇത്രയും വലിയ നേതാക്കളുടെ പട്ടികയില്‍ ചേ‍ര്‍ത്തല്ലോ? അതില്‍ സന്തോഷം, എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാ‍ര്‍ത്ഥിയായിരുന്ന രാഹുലിന്റെ പ്രവൃത്തി വെറും ട്രോളന്മാരുടെ നിലവാരത്തിലേക്ക് താഴ്‌ന്നു പോയതില്‍ ദുഃഖമുണ്ട് – അനില്‍ കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്റെ വിമ‍ര്‍ശനത്തിന് പരോക്ഷമായി മറുപടി നല്‍കിയ അനില്‍ ആന്റണി, തന്നെ കുഴിയാന എന്നു വിശേഷിപ്പിക്കുന്നവര്‍ ഇത് കാണുമെന്ന് കരുതുന്നുവെന്ന് പറഞ്ഞു. അരിക്കൊമ്പനാണെന്ന് കരുതി ബി.ജെ.പി കൊണ്ടുപോയത് കുഴിയാനയെ ആണെന്നായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ പരിഹാസം.

അതേസമയം അദാനിയുടെ പേരിനൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബൊഫോഴ്സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുമുള്ള കുറ്റകൃത്യങ്ങളിലൂടെയുള്ള പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. എന്തായാലും നമുക്ക് കോടതിയില്‍ കാണാം. ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button