തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ.
മനുഷ്യരാശിയ്ക്ക് വേണ്ടി ക്രൂശിൽ മരിച്ച യേശുക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം.
40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോടു കൂടി യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ ആഘോഷമാക്കുന്നു. ഈസ്റ്റർ പ്രത്യാശയുടെയും പുതുക്കലിന്റെയും സമയമായതിനാൽ, ആളുകൾ പരസ്പരം ഈസ്റ്റർ ആശംസിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യാറുണ്ട്.
ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.
ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നുമാണ് ഈസ്റ്റർ നൽകുന്ന സന്ദേശങ്ങൾ.
ക്രിസ്തുവിന്റെ മരണ ശേഷം ആദ്യ വര്‍ഷങ്ങളില്‍ പാസ്‌ക എന്ന പേരിലാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെട്ടിരുന്നത്. യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് പാസ്‌ക എന്ന വാക്ക് ഉരുവായത്. ഈ പാസ്‌ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. പിന്നീടാണ് പെസഹ മുതല്‍ ദുഃഖ ശനി വരെയുള്ള ദിവസങ്ങള്‍ പെസഹ ത്രിദിനമായും ഉയിര്‍പ്പ് തിരുന്നാള്‍ പ്രത്യേകമായും ആചരിക്കാന്‍ തുടങ്ങിയത്.
Post Your Comments