കണ്ണൂർ: കോൺഗ്രസിനെ ഞെട്ടിച്ച് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കഴിഞ്ഞ ദിവസം ബി.ജെ.പിയില് ചേർന്നിരുന്നു. പിന്നാലെ സി.പി.എം സൈബർ ടീമുകളും കോൺഗ്രസ് സൈബർ ടീമുകളും പരസ്പരം വാദപ്രതിവാദങ്ങൾ നടത്തി രംഗം കൊഴുപ്പിച്ചു. കോൺഗ്രസിൽ നിന്നും ഇനിയും യുവനേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് സൈബർ സഖാക്കൾ പരിഹസിച്ചപ്പോൾ കോൺഗ്രസ് ടീം എടുത്തിട്ടത് പി ജയരാജന്റെ മകന്റെ പേരാണ്. ജയരാജന്റെ മകൻ ജെയ്ൻ രാജ് ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന പരിഹാസ കമന്റുകൾ നിരവധി ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഇത്തരം പരിഹാസങ്ങൾക്ക് അതേ രീതിയിൽ മറുപടി നൽകുകയാണ് ജെയ്ൻ ഇപ്പോൾ. ‘അടുത്ത ചാൻസ് ജയരാജ പുത്രന്’ എന്ന കമന്റിന് ജെയ്ൻ നൽകിയത് ‘നിന്റെ തന്തയല്ല എന്റെ തന്ത’ എന്ന മറുപടിയാണ്. ഇതോടൊപ്പം, അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെയും ജെയ്ൻ പരിഹസിക്കുന്നുണ്ട്. ‘അനിൽ ആന്റണിക്ക് ശേഷം ആദ്യം ബി.ജെ.പിയിലേക്ക് പോവുന്ന കോൺഗ്രസ്സ് നേതാവ് ആരാണ്..? (A) കെ. സുധാകരൻ (B) രമേശ് ചെന്നിത്തല (C) വി ഡി സതീശൻ (D) കെ. മുരളീധരൻ നിങ്ങളുടെ ഉത്തരം കമന്റുകളായി രേഖപ്പെടുത്താം’ എന്നാണ് ജെയ്ന്റെ പരിഹാസം.
അതേസമയം, അനിൽ ആന്റണിയെ ബി.ജെ.പിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണെന്നാണ് വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനുമായും അനിൽ ആന്റണി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആൻ്റണിയെയും പങ്കെടുപ്പിക്കാനാണ് ബി.ജെ.പി നീക്കം. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആന്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.
Post Your Comments