ഹൈദരാബാദ്: സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം തെലങ്കാനയിൽ 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൈദരാബാദ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദർശനത്തിന് മുന്നോടിയായി തെലങ്കാനയിൽ കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലെടുത്ത് പോലീസ്.
നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) പ്രസിഡന്റ് ബാലമുരി വെങ്കട്ട്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശിവസേന റെഡ്ഡി, ദളിത് കോൺഗ്രസ് പ്രസിഡന്റ് പ്രീതം തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി വാഹനഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഗതാഗത ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എയിംസ് ബീബിനഗർ, അഞ്ച് ദേശീയ പാത പദ്ധതികൾ എന്നിവയുടെ തറക്കല്ലിടൽ അദ്ദേഹം നിർവഹിക്കും. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് അദ്ദേഹം തറക്കല്ലിടുകയും റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ഹൈദരാബാദ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലേക്ക് പോകും.
Post Your Comments