ശാസ്താംകോട്ട: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മധുര തിരുമംഗലം കറുപ്പുസ്വാമി തെരുവിൽ സുന്ദരമൂർത്തിയാണ് (46) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്.
മാർച്ച് 27-ന് രാത്രിയാണ് സംഭവം. ഭരണിക്കാവിലുള്ള സെൻട്രൽ ബസാറിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് കടയിൽ കയറി 20,000 രൂപയും 10,000 രൂപ വില വരുന്ന ലോക്കറും മോഷ്ടിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന്, കടയിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയുടെ വിരലടയാളങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞദിവസം രാത്രി ശാസ്താംകോട്ട നൈറ്റ് പട്രോൾ ഓഫീസർ എസ്.ഐ ഷാജഹാനും എസ്.സി.പി.ഒ ഷണ്മുഖദാസും പട്രോളിങ് നടത്തി വരവേ രാത്രി ഒന്നിന് കാരാളിമുക്ക് ജങ്ഷനിലെ ഫെഡറൽ ബാങ്കിന്റെ പിറകുവശം പതുങ്ങിയിരുന്ന ആളിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട് സ്വദേശിയും മോഷണ കേസിലെ പ്രതിയുമാണെന്ന് മനസ്സിലായത്.
തുടർന്ന്, ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഭരണിക്കാവ് പനപെട്ടി ആശ്രമം ക്ഷേത്രത്തിലെ വഞ്ചി മോഷണം ചെയ്തുകൊണ്ട് പോയതായും പൂത്തൂർ, ശൂരനാട് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുള്ളതായും ഇയാൾ സമ്മതിച്ചു. പൊലീസ് പിടികൂടിയ സമയം മൂർച്ചയുള്ള കമ്പിവടിയും ഒരു ഇടത്തരം ചുറ്റികയും ഒരു സ്പാനറും ഒരു സഞ്ചിയിലാക്കിയ നിലയിൽ കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്കു മുമ്പ് കോയമ്പത്തൂർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ ഭരണിക്കാവ്, കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. ചോദ്യംചെയ്യലിൽ നിരവധി കേസുകൾ തെളിഞ്ഞിട്ടുള്ളതായി ശാസ്താംകോട്ട എസ്.എച്ച്.ഒ എ. അനൂപ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും ദൂരെയുള്ള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സെൻട്രൽ ബസാറിന്റെ ലോക്കർ കണ്ടെടുക്കുകയുമുണ്ടായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments