KeralaLatest NewsNews

‘വേട്ടയാടാൻ നിന്നു കൊടുക്കില്ല, പ്രസ്ഥാനമാണ്‌ എനിക്ക് വലുത്’: അകത്ത് കയറിയ ശേഷം രാജി വെച്ചതിന്റെ കാരണം പറഞ്ഞ് സുജയ

തൃശൂര്‍: ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ പേരിൽ ജോലി ചെയ്യുന്ന ചാനലിൽ നിന്നും മാധ്യമ പ്രവർത്തക സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒരുപാട് ചർച്ചകൾക്കൊടുവിൽ സുജയയുടെ സസ്‌പെൻഷൻ പിൻവലിച്ച് ചാനൽ ഇവരെ തിരിച്ചെടുത്തിരുന്നു. എന്നാൽ, തലകുനിക്കാതെ സുജയ രാജിവെച്ചത് ചാനലിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. പിന്നാലെ കഴിഞ്ഞ ദിവസം സുജയ ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തിയിരുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗികയായി എത്തിയ സുജയ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സുജയയുടെ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവന്നിരിക്കുകയാണ്. ഹിന്ദു പുരാണങ്ങളിലെ പാഞ്ചാലിയും കുന്തീദേവിയുമാണ് തന്‍റെ ശക്തിയെന്നും സുജയ പറഞ്ഞു. നുണകൊണ്ട് എന്തൊക്കെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിയാലും സത്യത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നുപോകുമെന്ന് പറഞ്ഞ സുജയ, പുരാണങ്ങളിലെ ചില കഥകളും ഓർമിപ്പിച്ചു. സുജയയുടെ പ്രസംഗത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

സുജയ പറയുന്നതിങ്ങനെ:

‘നിങ്ങള്‍ നല്‍കിയ നിരുപാധിക പിന്തുണയ്‌ക്ക് നന്ദി. ഇവിടെ ഈ ക്ഷേത്രാങ്കണത്തില്‍ ഞാന്‍ നില്‍ക്കുന്നത് എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയാണ്. വേട്ടയാടലുകള്‍ ഉണ്ടായപ്പോള്‍ അതിനെ ചെറുക്കാന്‍ കൂടെയുണ്ടായത് നിങ്ങള്‍ ഓരോരുത്തരുമാണ്. എനിക്കൊപ്പം നിന്ന കുടുംബത്തിന്‍റെ ക്ഷണം സ്വീകരിച്ച്‌ ഇവിടെ വന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എവിടെ പോകാനാണ്. വേട്ടയാടലുകൾ ഉണ്ടായപ്പോൾ നിങ്ങൾ എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ചേർത്തുനിർത്തി. വേട്ടയാടലുകളെ ചെറുക്കാൻ എന്റെയൊപ്പം ഉണ്ടായിരുന്നത് നിങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ എനിക്കൊപ്പം നിന്നു.

നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍. സ്ത്രീയെ ബഹുമാനിച്ചിരുന്ന സംസ്ഥാത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും പറഞ്ഞുകൊണ്ടല്ലാതെ ഇന്നിന്റെ യാഥാർഥ്യത്തിലേക്ക് എത്താൻ നമുക്കാകില്ല. സ്ത്രീയെ ബഹുമാനിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു രാജ്യമാണ് നമ്മുടെ ഭാരതം. ലോകം ഭാരതത്തെ നോക്കികണ്ടത് ആ പാരമ്പര്യത്തെ ഊന്നികൊണ്ട് തന്നെയാണ്. ആ പാരമ്പര്യത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പാരമ്പര്യത്തിലേക്കുള്ള തിരിച്ച് പോക്കിലാണ് നാം. സ്ത്രീയെ ബഹുമാനിക്കാതെ ഇനി ലോകം മുന്നോട്ട് പോകില്ല. നമ്മള്‍ ഇപ്പോള്‍ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുകയാണ്. ആ ഭാരതം, ആ പുതിയ നരേന്ദ്രഭാരതം കെട്ടിപ്പെടുത്തുകൊണ്ടിരിക്കുകയാണ് നമ്മള്‍. ആ ഭാരതത്തിനൊപ്പം നമ്മള്‍ നില്‍ക്കണം. ദേശീയതയിൽ നാം ഒന്നിച്ച് നിൽക്കണം.

സ്ത്രീ അബലയാണ് തബലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടാകും. ഭീഷണികളോടും ഇല്ലാതാക്കാനുള്ള ശ്രമങ്ങളോടും ചെറുത്തുനിൽക്കാനുള്ള കഴിവ് ഇന്നത്തെ സ്ത്രീകൾക്ക് ഉണ്ടാകണം. സ്ത്രീ ഒരിക്കലും ദുർബലയല്ല. സ്ത്രീയും പുരുഷനും തുല്യരായിരിക്കണമെന്ന് ആര് പറഞ്ഞു? സ്ത്രീയ്ക്ക് മുന്നേറിക്കൂടെ? സ്ത്രീയ്ക്ക് മുന്നിലേക്ക് വന്നുകൂടെ? ദ്രൗപതി ഭാരതത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് മറന്നോ? എന്തുകൊണ്ട് കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുന്നില്ല?

അന്നത്തെ പ്രസംഗത്തില്‍ നരേന്ദ്രമോദിയുടെ ഭരണനേട്ടത്തെക്കുറിച്ച്‌ പറയേണ്ട ഒരു കാര്യവും എനിക്കില്ല. പലരും പല രീതിയിലും എന്‍റെ പ്രസംഗം വ്യാഖ്യാനിച്ചു. സ്ഥാനാര്‍ത്ഥിയാകാനാണ് ഞാന്‍ അത് ചെയ്തത് എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറയട്ടെ, നിലപാടുകളില്‍ വെള്ളം ചേര്‍ക്കുക എന്‍റെ ജോലിയല്ല. സത്യസന്ധതയില്‍ നിന്നും വ്യതിചലിച്ച്‌ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ മോഹമുണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. എതിര്‍ക്കുന്നവര്‍ പ്രബലരാണ്. അര്‍ത്ഥമുണ്ടോ ഈ പോരാട്ടത്തിന് എന്ന് പലരും ചോദിച്ചു. എനിക്കൊപ്പം നിന്ന പ്രസ്ഥാനം പകര്‍ന്ന് നല്‍കിയ ധൈര്യമാണ് എനിക്ക് തുണയായത്. എനിക്കൊപ്പം നിന്നവര്‍ നിരവധിയാണ്. അതുകൊണ്ടാണ് അകത്ത് കയറിയശേഷം ഞാന്‍ തിരിച്ചിറങ്ങിയത്.

എനിക്ക് എന്റെ വ്യക്തിജീവിതത്തിൽ എടുക്കേണ്ടി വന്ന തീരുമാനം എന്റെ നിലനില്പിന്റേത് ആയിരുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങാൻ നിന്നുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ആ പ്രസംഗത്തിൽ അക്കാര്യങ്ങൾ പറയുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു എന്റെ ജോലി പോയേക്കാമെന്ന്. ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അളവ് കോൽ നന്നായി അറിയാമായിരുന്നു. ആദ്യം ഒറ്റയ്ക്കായിരുന്നു. പിന്നീട് പരിചയമില്ലാത്തവർ വരെ കൂടെ നിന്നു. എന്നെ എതിർത്തിരുന്നവർ പ്രബലരായിരുന്നു. എനിക്കൊപ്പം നിന്നത് എന്റെ പ്രസ്ഥാനം ആയിരുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button