കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ മൊഴി പുറത്ത്. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്നാണ് പ്രതി മറുപടി പറഞ്ഞത്. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ പ്രതി കണ്ണൂരെത്തി. റെയിൽവേ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ താൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു എന്നാതാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. അന്ന് പുലർച്ചയോടെ ജനറൽ കമ്പർട്ട്മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. കേരളത്തിലെത്തിയത് ആദ്യമായിട്ടായിരുന്നു എന്നാണ് ഷാരൂഖ് പറയുന്നത്. എന്നാൽ, ഇയാൾ പറയുന്നതെല്ലാം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കോഴിക്കോട്ടെത്തിച്ച ഷാരൂഖിനെ മാലൂര്‍കുന്നിലെ എ.ആര്‍ ക്യാംപിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ വെച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ ഇയാളെ കേരള പൊലീസിന് കൈമാറി. ഷാറൂഖ് സെയ്ഫിയെ കേരളത്തിലേക്കെത്തിച്ചത് ആവശ്യത്തിന് സുരക്ഷയൊരുക്കാതെയെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നിരുന്നു. യാത്രാമദ്ധ്യേ വാഹനം കേടായി പെരുവഴിയിൽ കിടക്കേണ്ടി വന്നത് ഒരു മണിക്കൂറിലേറെ നേരമാണ്. ആരുടെയും ശ്രദ്ധയിൽ പെടാതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ, ടയർ പഞ്ചറായതോടെ രഹസ്യ റൂട്ട് പരസ്യമായി. ഒപ്പം, പ്രതിക്ക് യാതൊരു വിധ സുരക്ഷയുമില്ലെന്ന ആരോപണവും ഉയർന്നു.
പ്രതിയുടെ ഒപ്പമുണ്ടായിരുന്നത് മൂന്നു പൊലീസുകാർ മാത്രമാണ് എന്നതാണ് മറ്റൊരു കാര്യം. തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു. ധർമ്മടം റൂട്ടിൽ മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു. 45 മിനിറ്റോളം വാഹനം റോഡിൽ കിടന്നു. പകരം ജീപ്പ് എത്തിച്ച ശേഷമായിരുന്നു യാത്ര. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം പെരുവഴിയിലായി. പിന്നീടും ഒരുപാട് സമയം കഴിഞ്ഞ് സ്വകാര്യ കാർ എത്തിച്ചായിരുന്നു പ്രതിയെ കോഴിക്കോടേക്ക് കൊണ്ടുവന്നത്.s
Post Your Comments