ഛത്തിസ്ഗഢ്: വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഛത്തിസ്ഗഢിലെ കബീർധാം ജില്ലയിൽ ആണ് അതിദാരുണമായ സംഭവം. നവവരനും ജ്യേഷ്ഠനുമാണ് മരിച്ചത്. വരന്റെ വീട്ടുകാർക്ക് സമ്മാനം നൽകിയത് വധുവിന്റെ മുൻ കാമുകൻ ആണ്. പ്രതി സർജു ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ മുൻ കാമുകി വിവാഹിതയായതിൽ ദേഷ്യമുണ്ടെന്ന് പ്രതി സമ്മതിച്ചെന്നും അതിനാൽ ഹോം തിയറ്റർ സംവിധാനം അവൾക്ക് സമ്മാനമായി നൽകിയെന്നും കബീർധാം അഡീഷണൽ പോലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. മാർച്ച് 31ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത സർജു, വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. ആരാലും തിരിച്ചറിയപ്പെടാതെ വിവാഹ വേദിയിൽനിന്ന് മുങ്ങുകയും ചെയ്തു.
സ്ഫോടനത്തിൽ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും പൂർണമായി തകർന്നു. മരിച്ച ഹേമേന്ദ്ര മെരാവി(22) ഏപ്രിൽ ഒന്നിനാണ് വിവാഹിതനായത്. തിങ്കളാഴ്ച ഹേമേന്ദ്ര തന്റെ കുടുംബാംഗങ്ങൾക്കൊപ്പം വീടിന്റെ മുറിക്കുള്ളിൽ വിവാഹ സമ്മാനങ്ങൾ അഴിക്കുകയായിരുന്നുവെന്ന് കബീർധാം അഡീഷണൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. ഇതിനിടെ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ ഓൺ ചെയ്തതതും വൻ സ്‌ഫോടനമുണ്ടാവുകയായിരുന്നു.
Post Your Comments