മലപ്പുറം: ഇന്ത്യയിലെ സമാധാനത്തിന്റെ തുരുത്താണ് കേരളമെന്ന് കെ.ടി ജലീല്‍ എംഎല്‍എ. ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് കേരളത്തെ തകര്‍ക്കാന്‍ വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണമെന്ന് എലത്തൂരില്‍ ട്രെയിനിന് തീയിട്ട സംഭവത്തില്‍ ജലീല്‍ പ്രതികരിച്ചു. രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നിരിക്കണം എലത്തൂരില്‍ ട്രെയിനിന് തീയിട്ടത് എന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.
അതേസമയം, മതസ്പര്‍ദ്ധ വളര്‍ത്തുന്നതും കലാപത്തിന് വഴിയൊരുക്കുന്നതുമാണ് ജലീലിന്റെ പോസ്റ്റ് എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നോ എലത്തൂരില്‍ ട്രെയിനിന് തീയിട്ടത്? മൂന്നുപേര്‍ മരിക്കാനിടയായ ദാരുണ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുടെ കാലമാണിത്. ഗോധ്രയില്‍ തീവണ്ടി ദുരന്തത്തിന്റെ മറപിടിച്ച് ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യ ഓര്‍ക്കാന്‍ പോലും കഴിയാത്തതാണ്. പലരെയും വിലക്കെടുത്ത് ദുരന്തങ്ങള്‍ വിതച്ച് നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ എലത്തൂരിലെ തീയിടല്‍? ദൈവം കേരളത്തെ രക്ഷിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം’.
‘മുസ്ലിം പേരുകാരനെന്ന് സംശയിക്കുന്ന ഒരാള്‍ നടത്തിയ ക്രൂരതയില്‍ പൊലിഞ്ഞത് മറ്റേതെങ്കിലും മതത്തില്‍ പെട്ടവരുടെ ജീവനായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? കേരളം ഇന്ത്യയിലെ സമാധാനത്തിന്റെ തുരുത്താണ്. ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് ആ തുരുത്ത് തകര്‍ക്കാന്‍ വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണം. ലക്‌നൗവിലെ ലുലു മാളിലെ നമസ്‌കാര വിവാദത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും, കേരളത്തില്‍ ഒരു ക്ഷേത്രത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ഇരുട്ടില്‍ മറഞ്ഞവരുടെ നിക്ഷിപ്ത താല്‍പര്യവും, പല ബോംബ് സ്‌ഫോടനങ്ങളുമായും ബന്ധപ്പെട്ട അസീമാനന്ദയെപ്പോലുള്ളവരുടെ കുറ്റസമ്മതങ്ങളും, ബോംബെയിലെ പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കരെയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയും അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടാവണം. കുറ്റവാളികള്‍ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കണം. കേരളത്തിന്റെ സൗഹൃദ ഭൂമികയെ തീയിട്ട് ചാമ്പലാക്കാന്‍ ശ്രമിച്ച നരാധമനെ വെറുതെ വിടരുത്’ എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments