ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്സ് അഥവാ ഈസ്റ്റർ മുട്ട. കുരിശിലേറ്റിയതിന്റെ മൂന്നാം നാൾ ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മയ്ക്കാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. പല നിറത്തിലുള്ള ഈസ്റ്റർ മുട്ടകൾ മനസിന് ഊഷ്മളത നൽകും. യേശുക്രിസ്തുവിൻറെ ഒഴിഞ്ഞ ശവകല്ലറയുടെ അടയാളമായി, ഈസ്റ്റർ മുട്ടകൾ യേശുവിൻറെ പുനരുത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു.
പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റർ മുട്ട. മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ തിരിച്ചു വരവിനെ ഈസ്റ്റർ മുട്ട തയ്യാറാക്കിയാണ് വിശ്വാസികൾ ആഘോഷിക്കുക. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ട ഉണ്ടാകും. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്.
ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15 ആം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു.
Post Your Comments