കൊല്ലം; തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊട്ടാരക്കരയില്‍ റബര്‍മരം വീണ് വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62)ആണ് മരിച്ചത്. മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട ലളിതകുമാരിയെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
READ ALSO:ഫോബ്സ് പട്ടിക പുറത്ത്: മലയാളികളിൽ ആദ്യം എംഎ യൂസഫലി
അടൂരില്‍ മരംവീണ് സ്‌കൂട്ടര്‍ യാത്രക്കാരനും ജീവന്‍ നഷ്ടമായി. നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംക്ഷനിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.
ഇതിനിടെ കനത്ത മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഏനാത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. പൊലിക്കോട് പെട്രോള്‍ പമ്പിന്റെയും 6 വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആയൂരില്‍ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര പറന്ന് മറ്റൊരു വീടിനുമുകളില്‍ വീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.
Post Your Comments