ഹനുമാൻ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനുള്ള നടപടികളുമായി പശ്ചിമ ബംഗാൾ സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊൽക്കത്ത, ചന്ദനഗർ, ബാരക്പൂർ എന്നിവിടങ്ങളിലാണ് സിആർപിഎഫ് ജവാന്മാരുടെ സേവനം ഉറപ്പുവരുത്തുക. ബംഗാൾ പോലീസിനെ സഹായിക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവായത്.
രാംനവമി ആഘോഷത്തിനിടയിലും, ശേഷവും ബംഗാളിലെ വിവിധ ജില്ലകളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. സംഘർഷ ബാധിതയിടങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്. അതേസമയം, ഹനുമാൻ ജയന്തി ആഘോഷം സമാധാനപരമായി ആഘോഷിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Post Your Comments