അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി മാറ്റിയ ചൈനയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കയും രംഗത്ത്. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾ ദക്ഷിണ ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് ചൈന പേരുകൾ പുനർനാമകരണം ചെയ്തത്. പ്രദേശങ്ങളുടെ പേര് മാറ്റി പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നുവെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അമേരിക്ക വ്യക്തമാക്കി.
പുനർനാമകരണം ചെയ്ത 11 സ്ഥലങ്ങളുടെ പേരുകൾ ചൈനീസ് സിവിൽ കാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 2017- ലും, 2021- ലും സമാനമായ രീതിയിൽ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ ചൈന മാറ്റിയിരുന്നു. ചൈനയുടെ നടപടിയിൽ കനത്ത എതിർപ്പ് ഇതിനോടകം തന്നെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ്. പേര് മാറ്റിയത് കൊണ്ട് മാത്രം വസ്തുതകൾ ഇല്ലാതാക്കാനോ, തിരുത്താനോ സാധിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചിയാണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്. കൂടാതെ, ചൈനയുടെ തീരുമാനത്തെ ഇന്ത്യ പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.
Also Read: ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു, വിവരങ്ങള്‍ പുറത്തുവിട്ട് മുംബൈ എടിഎസ്
Post Your Comments