കാട്ടാക്കട: ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് രാധാ ഭവനിൽ ആകാശ് (24), കാട്ടാക്കട നാവെട്ടിക്കോണം തടത്തരികത്ത് വീട്ടിൽ പ്രണവ് (29 ) ഒരു 16 കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ 12. 30-ന് കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലിക്കളമായ അഞ്ചുതെങ്ങിൻമൂട്ടിലാണ് സംഭവം. ഗാനമേള തീരുന്നതിനിടയിൽ അഞ്ചംഗ സംഘം കൂവി വിളിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. കൂക്കിവിളിച്ചവരെ ഒരു സംഘം തടഞ്ഞതോടെ ഇരു സംഘങ്ങളും ഏറ്റുമുട്ടി. ഇതറിഞ്ഞ് ഉത്സവ ഭാരവാഹികൾ എത്തി ഇവരെ വിലക്കി. തുടർന്ന്, ഭാരവാഹികളുമായി ഇവർ ഏറ്റുമുട്ടി.
Read Also : അയോധ്യയിലെ രാമക്ഷേത്രമടക്കമുള്ള പുണ്യ നഗരങ്ങൾ സന്ദർശിക്കാൻ അവസരം, പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
സംഘർഷം രൂക്ഷമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എത്തി ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർക്ക് നേരെ ഇവർ കല്ലെറിഞ്ഞു. കല്ലേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാജേന്ദ്രന് പരിക്കേറ്റു. പരിക്കേറ്റ രാജേന്ദ്രൻ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റ് ചെയ്ത രണ്ടു പേരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോർട്ടിൽ ഹാജരാക്കി.
Post Your Comments