നെടുമങ്ങാട്: വഴി തർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. മാന്നൂർക്കോണം സ്വദേശിയും ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാനിഫിനെതിരെ വലിയമല പൊലീസ് ആണ് കേസെടുത്തത്. മന്നൂർക്കോണം നഹിയ മൻസിലിൽ റിസാന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
Read Also : ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്, ദൃശ്യം ലഭിച്ചു: രക്ഷപെടാൻ ചാടിയ 3 പേർ മരിച്ചു
കഴിഞ്ഞ 28-ന് രാത്രി 12.30-ന് ആണ് കേസിനാസ്പദമായ സംഭവം. അയൽവാസി കൂടിയായ എസ്ഐ ഷാനിഫുമായി വഴിയുടെ പേരിൽ കേസ് നടക്കുകയാണ്. ഷാനിഫിന്റെ വസ്തുവിലേക്ക് പരാതിക്കാരിയുടെ വസ്തുവിൽ നിന്നും വഴിവെട്ടാൻ സ്ഥലം നൽകണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ അതിക്രമമെന്ന് പരാതിയിൽ പറയുന്നു. ഷാനിഫും കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ചേർന്നു വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്തു അടുക്കി വച്ചിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ബഹളം കേട്ട് പുറത്തിറങ്ങിയ റിസാനയെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
നിരവധി തവണ ഇയാൾ അതിക്രമം കാട്ടിയിരുന്നതായും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും യുവതിയെയും മകളെയും വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് എസ്ഐ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Post Your Comments