കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത്. കോച്ചിൽ തീയിട്ടതിനെ തുടർന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്.
അനിൽ കുമാർ (50) ഇയാളുടെ ഭാര്യ സജിഷ (47) മകൻ അദ്വൈദ് (21) എന്നിവരാണ് ചികിത്സയിലുള്ളത്. അഡ്വക്കേറ്റ് ക്ലർക്കാണ് അനിൽകുമാർ. തൃശൂർ മണ്ണൂത്തി സ്വദേശിനി 29-കാരി അശ്വതി, കണ്ണൂർ സർവകലശാലയിലെ സെക്ഷൻ ഓഫീസറായ തളിപറമ്പ് സ്വദേശിനി റൂബി എന്നിവരും ചികിത്സയിൽ തുടരുന്നു. അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തീപടർന്നതിന് പിന്നാലെ പ്രാണരക്ഷാർത്ഥം ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്-ജസീല ദമ്പതിമാരുടെ മകൾ രണ്ടര വയസുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌റിയ മൻസിലിൽ റഹ്‌മത്ത് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ശേഷം ഒരാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എലത്തൂരിനും കാട്ടിൽ പീടികയ്ക്കും ഇടയിൽ വെച്ചാണ് റെയിൽവേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആൾ ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാൾ എത്തുകയും ഇറങ്ങി വന്നയാൾ അതിൽ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിർത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനിൽ അക്രമം നടത്തിയത് ടിക്കറ്റ് റിസർവ് ചെയ്ത് വന്നയാളല്ല എന്ന് ടിടിആർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോൾ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടർന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിർത്തിയത്. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.
Post Your Comments