കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന.
അതേസമയം, ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തര മേഖല ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി.
പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും കിട്ടിയ സാധനങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബാഗില്‍ നിന്നും കിട്ടിയ നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയിൽ, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. ചുവപ്പ് കള്ളി ഷർട്ടും കറുത്ത പാന്റ്സും ധരിച്ചു നിൽക്കുന്ന യുവാവ് ഫോണിൽ സംസാരിക്കുന്നതും ഒരു സ്കൂട്ടറിൽ കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
Post Your Comments