തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന് തീകൊളുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ സുധാകരൻ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. കേസിലെ നിർണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും അതിൽ മുഖം വ്യക്തമായിരുന്നില്ല.
അതേസമയം, സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ഇയാളെ പിടികൂടാൻ സാധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സംഭവത്തിൽ ഉത്തരമേഖല ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ്. ഐജി സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ശാസ്ത്രീയ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോൺ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. പ്രതിക്കായി അന്വേഷണം ഊർജിതമാണ്.
Post Your Comments