Latest NewsKerala

ഉംറ പാക്കേജ് മറയാക്കി വൻ സ്വർണക്കടത്തെന്ന് കസ്റ്റംസ്: കരിപ്പൂരിൽ പിടികൂടിയത് കോടികളുടെ സ്വർണം

മലപ്പുറം: ഇന്നും ഇന്നലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വർണം പിടികൂടി. ആറു വ്യത്യസ്ത കേസുകളിലായി ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്നാണ് വൻ സ്വർണവേട്ട നടത്തിയത്. ഉംറ പാക്കേജിന്‍റെ മറവിൽ കള്ളക്കടത്ത് സംഘങ്ങൾ യാത്രാ ചെലവ് വഹിക്കുന്നുവെന്ന് പിടിയിലായവർ മൊഴി നൽകി.

ഇന്ന് രാവിലെ ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽനിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടുവന്ന 3455 ഗ്രാം സ്വർണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സ്യൂളുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേൽമുറി സ്വദേശിയായ വെളിച്ചപ്പാട്ടിൽ ഷുഹൈബിൽ( 24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടൻ യൂനസ് അലി (34) യിൽ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.

കൂടാതെ കാസർഗോഡ് മുലിയടുക്കം സ്വദേശിയായ അബ്ദുൽ ഖാദറി (22) ൽ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാർതൊടി മുഹമ്മദ്‌ സുഹൈലി(24)ൽ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ ഡി ആർ ഐ ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.

ഇന്നു പിടികൂടിയതു കൂടാതെ ഇന്നലെ രാവിലെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരായ കോഴിക്കോട് സ്വദേശികളായ കേറ്റിണ്ടകയിൽ ജംഷീറി (25)ൽ നിന്നും 1058 ഗ്രാമും അമ്പായപ്പറമ്പിൽ ഷൈബുനീറി(39)ൽ നിന്നും 1163 ഗ്രാമും തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകൾ വീതം ഡി ആർ ഐ ഉദ്യോഗസ്ഥരും എയർ കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയിരുന്നു.

കള്ളക്കടത്തുസംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നതെന്നാണ് യാത്രക്കാർ വ്യക്തമാക്കിയത്. ഈ രീതിയിൽ ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണകള്ളക്കടത്തു നടത്തുവാൻ ശ്രമിച്ച ഏഴു യാത്രക്കാരെ കോഴിക്കോട് കസ്റ്റംസ് പ്രെവെൻറ്റീവ് ഉദ്യോഗസ്ഥരും എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button