ചെറുകിട സമ്പാദ്യ പദ്ധതിയിലെ അംഗങ്ങളായവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ കാർഡ്, ആധാർ കാർഡ് എന്നിവയാണ് കേന്ദ്രം നിർബന്ധമാക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
മുൻപ് ആധാർ നമ്പർ സമർപ്പിക്കാതെ തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്താൻ കഴിയുമായിരുന്നു. ആധാർ ഇല്ലാത്തവർക്ക് മറ്റ് സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നത്. എന്നാൽ, പുതിയ വിജ്ഞാപനം അനുസരിച്ച് ചെറുകിട സമ്പാദ്യ പദ്ധതികൾക്കുളള അക്കൗണ്ടുകൾ തുറക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. അക്കൗണ്ട് തുറക്കുന്ന വേളയിൽ ആധാർ സമർപ്പിക്കാൻ കഴിയാത്തവർക്ക്, 2023 സെപ്റ്റംബർ 30- നകം ആധാർ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആറ് മാസമാണ് കാലാവധി നൽകിയിരിക്കുന്നത്.
Also Read: ബോക്‌സിംഗ് മത്സരത്തിനിടെ അപകടം: മലയാളി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ആറ് മാസത്തിനുള്ളിൽ ആധാർ നമ്പർ സമർപ്പിച്ചില്ലെങ്കിൽ, അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. നിലവിലുള്ള വരിക്കാരും ഉടൻ തന്നെ ആധാർ സമർപ്പിക്കേണ്ടതാണ്. ആധാറിന് പുറമേ, നിക്ഷേപം തുടങ്ങുന്ന വേളയിൽ പാൻ കാർഡും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കൗണ്ട് തുറന്ന് രണ്ട് മാസത്തിനകം പാൻ കാർഡ് സമർപ്പിക്കാനുള്ള അവസരമുണ്ട്.
Post Your Comments