വിഡ്ഢിദിനമായ ഇന്ന് കേരള ടൂറിസം തങ്ങളുടെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്‌പൈഡർമാൻ താരങ്ങളായ സെൻഡയ, ടോം ഹോളണ്ട് എന്നിവരുടെ പഴയ ചിത്രം ഫോട്ടോഷൂട്ട് ചെയ്ത് ഇരുവരും മൂന്നാറിൽ എത്തിയെന്ന തരത്തിലായിരുന്നു കേരള ടൂറിസത്തിന്റെ പോസ്റ്റ്. ഇതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഏപ്രിൽ ഫൂൾ ദിവസം ആണെന്നു കരുതി സർക്കാരിന്റെ ഔദ്യോഗിക പേജിൽ നിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോയെന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. നിലവിൽ താരങ്ങൾ ഇന്ത്യയിൽ ഉള്ളതിനാൽ, അവർ മൂന്നാറിൽ വന്നശേഷം അനുമതിയോടെ പടം ഇട്ടാൽ പോരേ എന്നും അദ്ദേഹം ചോദിക്കുന്നു.
‘നാണം ഇല്ലാത്തതാണ് അതിശയം! കേരളാ ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്പൈഡർമാൻ താരങ്ങളെ ഞങ്ങൾ മൂന്നാറിൽ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷൻ. സത്യത്തിൽ ഇത് മാസങ്ങൾക്ക് മുൻപുള്ള അവരുടെ ചിത്രമാണ്. അതാണ് രണ്ടാമത്തെ ചിത്രം. അതിനെ ഫോട്ടോഷോപ്പ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാൻ ചില്ലറ തൊലിക്കട്ടി പോരാ. ഇരുവരും ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നതിനാൽ ഈ ചിത്രം കൂടുതൽ തെറ്റിദ്ധാരണാ ജനകമാണ്. ഏപ്രിൽ ഫൂൾ ദിവസം ആണെന്നു കരുതി സർക്കാരിന്റെ ഔദ്യോഗിക പേജിൽ നിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ? അവർ മൂന്നാറിൽ വന്നശേഷം അനുമതിയോടെ പടം ഇട്ടാൽ പോരേ?’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
കേരള ടൂറിസത്തിന്റെ പോസ്റ്റിന് നിരവധി ട്രോളുകളാണ് വരുന്നത്. ‘സൈഡിൽ വിക്ടോറിയ വെള്ളച്ചാട്ടം കൂടെ വെക്കാർന്നു, ലേശം ഉളുപ്പ്? ഇനിയിവൻ ടോം ഹോളണ്ട് അല്ല…. ടോം മുന്നാർ, നാണമില്ലാത്തവന്മാർ ഫോട്ടോഷോപ്പും ആയിട്ട് ഇറങ്ങികൊളും മലയാളികളെ നാണം കെടുത്താൻ’, ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ.
Post Your Comments