Latest NewsKeralaNews

എടക്കൽ ഗുഹ മുതൽ നീലക്കുറിഞ്ഞി വസന്തം വരെ; കേരളത്തിലെ സവിശേഷമായ ചില സ്ഥലങ്ങൾ

സമൃദ്ധവും വൈവിദ്ധ്യമേറിയതുമായ നമ്മുടെ ചരിത്രം ഏതൊരു കേരളീയനും അഭിമാനമാണ്. തലമുറകളായി കൈമാറിവന്ന സാംസ്കാരിക പൈതൃകം മറക്കാനാകാത്തതാണ്. ഇത്തരം പാരമ്പര്യ മൂല്യങ്ങളെ ആദരിക്കാനും സംരക്ഷിക്കാനും കേരളത്തില്‍ ഒട്ടേറെ പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ട്. ഇവിടെ മാത്രം കാണുന്നതും സവിശേഷവുമായ ഒട്ടേറെ സസ്യ, ജന്തു വൈവിദ്ധ്യങ്ങള്‍ കേരളത്തിന്റെ വനമേഖലയില്‍ ഉണ്ട്. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കുക വഴി കേരളത്തിന്റെ ചരിത്രം അടുത്തറിയാനുളള അവസരവുമുണ്ട്.

എടക്കൽ ഗുഹ:

എടക്കൽ ഗുഹകളിലേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള സഞ്ചാരം കൂടിയാണ്. സുൽത്താൻ ബത്തേരിയിൽനിന്നും പത്തു കിലോമീറ്റർ അകലെയുള്ള എടക്കൽ ഗുഹകൾ ചരിത്രകാരന്മാർക്കു പ്രിയപ്പെട്ട ഇടമാണ്. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടിരിക്കുന്നത്. ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ​ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ സുഗന്ധം കൂടെയുണ്ടാവും.

കേരള കലാമണ്ഡലം:

കേരളീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്ന കല്പിത സർവകലാശാലയാണ് കേരള കലാമണ്ഡലം. 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്. തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്. കലാമണ്ഡലത്തിന്റെ നടനവേദിയായ കൂത്തമ്പലത്തില്‍ സംസ്ഥാനത്തെയും പുറത്തുനിന്നുമുളള പ്രമുഖരുടെ കലാപ്രദര്‍ശനങ്ങള്‍ സാധാരണയാണ്.

തെന്മല:

രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്നത് തെന്മലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി. തെന്മല എന്ന വാക്കു തന്നെ തേന്‍മല എന്നതിന്റെ ഉച്ചാരണഭേദമാണ്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്. തെന്മല ജലസംഭരണി ബോട്ടിംഗിനും ഉപയോഗിക്കുന്നു.

നിലമ്പൂര്‍ തേക്കിൻ തോട്ടം:

കുന്നുകളുടേയും കോവിലകങ്ങളുടേയും തേക്കിന്റേയും നാടാണ് നിലമ്പൂര്‍. നിലമ്പൂര്‍ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണ് ലോകത്തെ ആദ്യത്തെയും ഏറ്റവും പഴയതുമായ നട്ടുവളര്‍ത്തിയ തേക്കു തോട്ടം. ചാത്തു മേനോന്‍ എന്ന നാട്ടുപ്രമാണിയുടെ സഹായത്തോടെ മലബാര്‍ കളക്ടറായിരുന്ന എച്ച്. വി. കൊണോലിയാണ് രണ്ടര ഹെക്ടറില്‍ പരന്നു കിടക്കുന്ന ഈ തേക്കിന്‍ തോട്ടം നട്ടു പിടിപ്പിച്ചത്. സ്വാഭാവികവനങ്ങളില്‍ വളരുന്ന തേക്കിന്റെ തൈകള്‍ സംഘടിപ്പിച്ച് നട്ടുപിടിപ്പിച്ചതാണ് ഈ രണ്ടര ഹെക്ടര്‍ തേക്കിന്‍ തോട്ടം.

ഫോർട്ട് കൊച്ചി:

ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രകള്‍ ചരിത്രത്തിലേക്കുള്ള യാത്ര കൂടിയാണ്. വിവിധ കാലഘട്ടങ്ങളിലായി ഇവിടം വാണ വ്യത്യസ്ത വിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് ഇന്നും നിലനില്‍ക്കുന്ന സ്ഥലം. കെ.ജെ. ഹെര്‍ഷല്‍ റോഡിലൂടെ നടന്നാൽ ഇമ്മാനുവേല്‍ കോട്ടയുടെ ഭാഗങ്ങള്‍ കാണാം. 1503-ല്‍ പണി തീര്‍ത്ത ഈ കോട്ട കൊച്ചി മഹാരാജാവും പോര്‍ച്ചുഗീസ് രാജവംശവുമായുള്ള തന്ത്രപരമായ സഖ്യത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ചു കൂടി മുന്നോട്ടു പോയാല്‍ ഡച്ച് ശവക്കോട്ടയാണ്, മറ്റൊരു കൊളോണിയല്‍ അവശിഷ്ടം. അതിനോട് ചേര്‍ന്ന് താക്കുര്‍ ഹൗസ്. ചായ ലേല രംഗത്തെ പ്രമുഖരായ താക്കൂര്‍ ആന്റ് കമ്പനിയുടേതാണ് ഇതിപ്പോള്‍. ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഫീസര്‍മാരുടെ വാസസ്ഥലമായിരുന്നു ഇത്. നേരത്തേ ഇതിനെ കുന്നേല്‍ ബംഗ്ലാവ് എന്നു വിളിച്ചിരുന്നു.

മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം:

പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍, പ്രത്യേകിച്ചും 5000 അടിക്കും മുകളിലുള്ള പുല്‍മേടുകളിലും ഷോലക്കാടുകളിലും, നീലക്കുറിഞ്ഞിയുടെ വസന്തകാലം പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. സ്‌ട്രൊബിലാന്തസ് കുന്തിയാന എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട, ധാരാളം കാണപ്പെടുന്ന നീലക്കുറിഞ്ഞി വര്‍ഗ്ഗത്തില്‍പ്പെട്ട കുറ്റിച്ചെടികളാണ് ഇങ്ങനെ ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ പൂക്കുന്നത്. ഇങ്ങനെ കൂട്ടപുഷ്പ്പിക്കലിനു പിന്നാലെ ചെടികള്‍ ഉണങ്ങി, വിത്ത് മണ്ണില്‍ വീണ്, വീണ്ടും മുളച്ച് ഇവയുടെ പുഷ്പിക്കലിനായി വീണ്ടും പന്ത്രണ്ടു കൊല്ലം മലനിരകള്‍ കാത്തിരിക്കുന്നു. തേയിലത്തോട്ടങ്ങള്‍, അവക്കിടയിലെ സ്വാഭാവികവും നട്ടു വളര്‍ത്തിയതുമായ വനങ്ങള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ മൂന്നാറിനു മുകളില്‍ പശ്ചിമഘട്ടങ്ങളുടെ ഭംഗി ഈ മേഖലക്കു മാത്രം സ്വന്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button