Latest NewsNewsLife Style

കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

കുട്ടികളുടെ ഭക്ഷണവും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പോഷണവും ശരിയായില്ലെങ്കില്‍ അത് അവരുടെ ആകെ വളര്‍ച്ചയെ തന്നെ ബാധിക്കും. ശാരീരികമായ വികാസത്തെ മാത്രമല്ല മാനസികമായ വികാസത്തെയും ഇത് ബാധിക്കും. കുട്ടികളുടെ തലച്ചോര്‍ വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്. മുതിര്‍ന്ന ഒരാളുടെ തലച്ചോറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്‍റെ 80 ശതമാനം വളര്‍ച്ചയും രണ്ട് വയസാകുമ്പോഴേക്ക് തന്നെ സംഭവിക്കുന്നതാണ്.

കൗമാരമെത്തുമ്പോഴാകട്ടെ വ്യക്തിത്വത്തെ വലിയ രീതിയില്‍ നിര്‍ണയിക്കാൻ സഹായകമായിട്ടുള്ള തരത്തിലേക്ക് തലച്ചോര്‍‍ വളരുന്നു. ഈ ഘട്ടവും ഏറെ പ്രധാനമാണ്. തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കുമെല്ലാം പോഷകങ്ങള്‍ അത്യാവശ്യമാണ്. ഇതിന് ഭക്ഷണം കൃത്യമായി ക്രമീകരിച്ചേ മതിയാകൂ. ഇത്തരത്തില്‍ കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ തലച്ചോറിനെ കരുതി അവര്‍ക്ക് പതിവായി നല്‍കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

നോണ്‍-വെജ് ശീലിപ്പിക്കാൻ കരുതുന്നവരാണെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് മീൻ നല്‍കുക. മീനിലുള്ള ഒമേഗ-3 ഫാറ്റി ആസിഡും, വൈറ്റമിൻ ഡിയും തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. മത്തി, ചൂര പോലുള്ള മീനുകളാണ് ഏറെയും നല്ലത്.

ഇലക്കറികളും കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കണം. ഇലക്കറികള്‍ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. ഒപ്പം തന്നെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ആവശ്യമാണ്. ചീര, മുരിങ്ങ എന്നുതുടങ്ങി ലെറ്റൂസ് പോലുള്ള ഇലകള്‍ വരെ കുട്ടികള്‍ക്ക് നല്‍കാം.

കട്ടിത്തൈരും കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നല്‍കാവുന്ന മികച്ച ഭക്ഷണമാണ്. തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ അയൊഡിന്‍റെ നല്ല സ്രോതസാണ് കട്ടിത്തൈര്.

കപ്പലണ്ടിയും കുട്ടികള്‍ക്ക് ഏറെ നല്ലതാണ്. ശരിയായ പീനട്ട് ബട്ടര്‍ നല്‍കിയാലും മതി. കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന ‘തയാമിൻ’, വൈറ്റമിൻ-ഇ എന്നിവയെല്ലാം തലച്ചോറിന്‍റെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

സിട്രസ് ഫ്രൂട്ടായ ഓറഞ്ചും കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായി വരുന്ന ഭക്ഷണമാണ്. ഓറഞ്ചിലുള്ള ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്.

ഓട്ട്സും കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നല്‍കാവുന്ന ഭക്ഷണമാണ്. ഓട്ട്സിലുള്ള ഉയര്‍ന്ന ഫൈബറാണ് കുട്ടികള്‍ക്ക് ഇത് ഗുണകരമാകുന്ന ഭക്ഷണമാക്കി തീര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button