KeralaLatest NewsNews

ആഡംബര ഹോട്ടലിലെ മയക്കുമരുന്ന് വേട്ട: എംഡിഎംഎ എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ അഡംബര ഹോട്ടലിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്. പിടികൂടിയ പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ദിവസമാണ് എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് സമീപം എസ്ആർഎം റോഡിലെ ആഡംബര ഹോട്ടലിൽ നിന്ന് എംഡിഎംഎയുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.

വൈപ്പിൻ മുരിക്കും പാടം അഴിക്കൽ തൈവേലിക്കകത്ത് വിനീഷ് നായർ (26), എറണാകുളം ഏലൂർ നോർത്ത് ഉദ്യോഗമണ്ഡൽ പെരുമ്പടപ്പിൽ വീട്ടിൽ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡൽ, ഇഡി ഫ്ലാറ്റിൽ ആദിത്യ കൃഷ്ണ (23), ഏലൂർ മഞ്ഞുമ്മൽ പുത്തൻപുരയ്ക്കൽ വീട്ടിൽ നവിൻ (23) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘവും എറണാകുളം ടൗൺ നോർത്ത് പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 294 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. വിനീഷ് നായരുടെ നേതൃത്വത്തിൽ ആണ് മയക്കു മരുന്ന് വിൽപ്പന നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് നഗരത്തിൽ ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്. മുഖ്യ പ്രതിയായ വിനീഷ് വിമാന മാർഗ്ഗം ബംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങും. പിന്നീട് പ്രതികളിൽ മറ്റൊരാളായ വിഷ്ണു കാർ മാർഗം ബെംഗളൂരിലെത്തി വിനീഷിൽ നിന്ന് മയക്കുമരുന്ന് വാങ്ങി എറണാകുളത്തേക്ക് തിരിച്ചു വരും. അതിന് ശേഷം വിനീഷ് വിമാന മാർഗ്ഗം തിരികെ കൊച്ചിയിലെത്തുന്നു. ഈ രീതിയിലാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഇങ്ങനെ സുരക്ഷിതമായ യാത്രകളും ആഡംബര ജീവിതവും നയിക്കുന്ന ആളാണ് വിനീഷെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി ഡാൻസാഫ് രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണം നടത്തിയും, സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയുമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ സെൻട്രൽ, ഞാറക്കൽ, ഏലൂർ, എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button