ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷു, ഈസ്റ്റർ, റംസാൻ എന്നീ ആഘോഷങ്ങൾ പ്രമാണിച്ച് യാത്രക്കാരിൽ നിന്നും അന്തർസംസ്ഥാന ബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്.
ഉത്സവ സീസണിലെ വാഹന പരിശോധനക്കായി പ്രത്യേക സ്ക്വാഡിനെയും രൂപീകരിക്കുന്നതാണ്. സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നിന് പ്രത്യേക യോഗം ചേരും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അവ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, അമിത സ്പീഡിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments