KeralaLatest News

മുന്നോക്ക സമുദായ പദവി തേടിയവരിൽ കെ പി യോഹന്നാന്റെ ദി ബിലീവേഴ്‌സ് ചര്‍ച്ച്‌ ഉൾപ്പെടെ നാല് ക്രിസ്ത്യൻ ഗ്രൂപ്പുകൾ

തിരുവനന്തപുരം: കെ പി യോഹന്നാന്റെ ദി ബിലീവേഴ്‌സ് ചര്‍ച്ച്‌ അടക്കം നാല് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുന്നോക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. ദി ന്യു ഇന്ത്യന്‍ എക്സ്‌പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ച്‌ ഓഫ് ലൈറ്റ് എംപറര്‍ സൈയോണ്‍, യുയോമായ സഭ, ലോക്കല്‍ ചര്‍ച്ചസ് കേരള എന്നീ ക്രിസ്ത്യന്‍ ഗ്രൂപ്പുകളാണ് ബിലീവേഴ്‌സ് ചര്‍ച്ചിനെ കൂടാതെ പട്ടികയില്‍ ഇടം പിടിക്കാന്‍ അപേക്ഷ നല്‍കിയത്.

അതേസമയം, പുതുതായി നിലവില്‍ വന്ന ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ക്ക് മുന്നോക്ക സമുദായ പദവി നല്‍കില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ-സാമൂഹിക വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന നിലപാടാണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള ആനുകൂല്യങ്ങൾക്കായി വന്ന ഈ അപേക്ഷകൾ നിരസിക്കുന്നതിലൂടെ കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് വന്നവരാണ് ഏറെയുമെന്ന് കമ്മീഷന്‍ ചെയര്‍മാനും, ജസ്റ്റിസുമായ( റിട്ടയേഡ്) സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മുന്നോക്ക സമുദായങ്ങളായി കണക്കാക്കാനുള്ള സമുദായങ്ങളുടെ അപേക്ഷകള്‍ പരിശോധിക്കുക കമ്മീഷന്റെ ചുമതലയാണ്. 2020 ന് ശേഷം, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പല മത ഗ്രൂപ്പുകള്‍ക്കും മുന്നോക്ക സമുദായങ്ങളായി അംഗീകരിക്കപ്പെടാന്‍ താല്‍പര്യം വര്‍ദ്ധിക്കാന്‍ കാരണം.

എന്നാല്‍, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള അപേക്ഷ കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ ഗ്രൂപ്പുകള്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ തങ്ങളുടെ കൂട്ടത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുകയാണ്. ഇത്തരം പ്രവൃത്തിയിലൂടെ മുന്നോക്ക സമുദായമെന്ന് പരിഗണിക്കപ്പെടാനുള്ള അവകാശം അവര്‍ക്കില്ലാതാകുകയാണ് എന്നാണ് കമ്മീഷന്‍ നിലപാട്.

സര്‍ക്കാര്‍ നിര്‍വ്വചന പ്രകാരം, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലും മറ്റുപിന്നോക്ക വിഭാഗങ്ങളിലും ഉള്‍പ്പെടാത്തവരെ മാത്രമേ മുന്നോക്ക സമുദായങ്ങളായി കണക്കാക്കാന്‍ കഴിയുകയുള്ളു. ‘ പള്ളി തര്‍ക്കങ്ങള്‍ നടന്നുവരികയാണ്. അതിനിടെ, അസംതൃപ്തരായ വിഭാഗങ്ങള്‍ പുതിയ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും, പള്ളികളും രൂപീകരിക്കുകയാണ്. തങ്ങളുടെ അംഗങ്ങളെല്ലാം ക്രിസ്ത്യന്‍ മുന്നോക്ക സമുദായങ്ങളില്‍ നിന്ന് വന്നവരാണെന്ന് അവകാശപ്പെട്ട് കൊണ്ട് മുന്നോക്ക പദവിക്കായി വാദിക്കുകയാണ്,’ ജസ്റ്റിസ് പറഞ്ഞു.

ഇതുവരെ മുന്നോക്ക സമുദായങ്ങളായി 164 സമുദായങ്ങളെയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ‘ മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ഗ്രൂപ്പുകളുടെയും, പള്ളികളുടെയും അപേക്ഷ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും മറ്റുപിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് വന്നവര്‍ക്ക് അംഗത്വം നല്‍കുന്നവരെ മുന്നോക്ക സമുദായങ്ങളായി അംഗീകരിക്കില്ല’, ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

ഇതുവരെ മുന്നോക്ക സമുദായങ്ങളായി 164 സമുദായങ്ങളെയാണ് അംഗീകരിച്ച്‌ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 16 ക്രിസ്ത്യന്‍ ഗ്രൂപ്പുകളുണ്ട്. ബ്രദറന്‍ സഭ, കല്‍ദായ സുറിയാനി ക്രിസ്ത്യന്‍, സിഎസ്‌ഐ, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌, ക്നാനായ കാത്തലിക്, ക്നാനായ യാക്കോബായ, മലങ്കര കത്തോലിക്ക, മലങ്കര യാക്കോബായ, മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ, പെന്തക്കോസ്ത്, സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ്, സ്വതന്ത്ര സുറിയാനി ക്രിസ്ത്യന്‍, സിറിയന്‍ കാത്തലിക്( പരിവര്‍ത്തിത) സിറോ മലബാര്‍ സിറിയന്‍ കാത്തലിക്, യഹോവ സാക്ഷികള്‍ എന്നിവയാണ് പട്ടികയിലുള്ളത്.

കമ്മീഷന്റെ തീരുമാനത്തെ അംഗമായ മാണി വിതയത്തില്‍ ന്യായീകരിച്ചു. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ മുന്നോക്ക-പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്നോക്ക സമുദായ പദവി സാങ്കേതികമായി നല്‍കാനാവില്ല. ഏതുപ്രാര്‍ത്ഥനാ ഗ്രൂപ്പിലെയും എസ് സി എസ്ടി ഒബിസി അംഗങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാകും. പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മുന്നോക്ക സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ല. അതുകൊണ്ട് തന്നെ അംഗങ്ങള്‍ ഇരട്ട സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാനിടയുണ്ട്. അതനുവദിക്കാനാവില്ലെന്ന് മാണി വിതയത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button