പാലക്കാട്: ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മധുവിന്റെ കുടുംബം. കേസിൽ വിധി പറയുന്നത് കോടതി ഏപ്രിൽ നാലിലേക്ക് മാറ്റി വച്ച പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അവര്‍. മധുവിന് നീതി ലഭിക്കാൻ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് അധ്വാനിച്ചു, കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു. കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിധി അനുകൂലമാകുമെന്ന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പ്രതിഭാഗത്തിന്റെ ആരോപണങ്ങളില്‍ ആശങ്കയില്ലെന്നും കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോനും പ്രതികരിച്ചു.
കേരള മനസാക്ഷിയെ ഞെട്ടിച്ച മധു വധക്കേസിൽ അന്തിമ വിധി പറയുന്നത് ഏപ്രിൽ നാലിലേക്ക് ആണ് മാറ്റിയത്.
ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണാ നടപടികൾ പൂർത്തിയായത്. പതിനാറ് പ്രതികളാണ് കേസിൽ ആകെയുള്ളത്.
പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
Post Your Comments