Latest NewsNewsLife Style

പല്ലില്‍ നിറവ്യത്യാസവും വായ്‍നാറ്റവും ; ഈ മാറ്റങ്ങള്‍ എന്തിന്‍റെ സൂചനയാണ്?

പല്ലുകളുടെയും വായയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ പല അസുഖങ്ങളെ കുറിച്ചും പ്രതിപാദിക്കേണ്ടതായ വരാം. മിക്കപ്പോഴും ഈ അസുഖങ്ങളുടെയെല്ലാം ലക്ഷണങ്ങളായി പ്രകടമാകുന്നത് ഒരേ തരത്തിലുള്ള പ്രശ്നങ്ങളുമായിരിക്കാം. എങ്കിലും അസാധാരണമായ മാറ്റങ്ങള്‍ വായ്ക്കകത്തോ പല്ലിലോ എല്ലാം കണ്ടാല്‍ അത് തീര്‍ച്ചയായും ഡോക്ടറെ കാണിച്ച് പരിശോധന നടത്തേണ്ടത് തന്നെയാണ്.

അത്തരത്തില്‍ പല്ലില്‍ നിറവ്യത്യാസം വരികയും വായ്‍നാറ്റം പതിവാകുകയും ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളാണിനി വിശദമാക്കുന്നത്. ഇവ മാത്രമല്ല, സാധാരണഗതിയില്‍ പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളും അവയിലേക്ക് നയിക്കുന്ന ഘടകങ്ങളും അറിയാം.

അതിന് മുമ്പായി ഡെന്‍റല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ കൂടി നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തികമായി ഇടത്തരത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നാലില്‍ മൂന്ന് പേര്‍ക്കെങ്കിലും ഡെന്‍റല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായിരിക്കുമത്രേ. ഇന്ത്യയിലാണെങ്കില്‍ 90 ശതമാനം മുതിര്‍ന്നവരിലും 60-80 ശതമാനം വരെ കുട്ടികളിലും പല്ലില്‍ പോടുകളുണ്ടാകാനുള്ള സാധ്യത കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നുവച്ചാല്‍ അത്രമാത്രം വ്യാപകമാണ് ഡെന്‍റല്‍ ആരോഗ്യപ്രശ്നങ്ങളെന്ന് സാരം. ഇന്ത്യയില്‍ അമ്പത് ശതമാനത്തിലും അല്‍പം കൂടുതല്‍ വരുന്ന അത്രയും പേരാണത്രേ ടൂത്ത്‍പേസ്റ്റ്- ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കുന്നത്. ഇതുകൂടി ഈ വിഷയത്തില്‍ നാം ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇനി ഡെന്‍റല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് സാധാരണഗതിയില്‍ കാണുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള കാരണങ്ങളുമാണ് വിശദീകരിക്കുന്നത്.

മോണയിലോ, കീഴ്‍ത്താടിയിലോ, പല്ലിലോ എല്ലാം വേദന അനുഭപ്പെടാം. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദം പതിവായി അനുഭവിക്കുന്നവരില്‍ കാണാം. അതുപോലെ തന്നെ പല്ലിന്‍റെ ആരോഗ്യം ക്ഷയിക്കുന്നു, മോണരോഗം, സൈനസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളുള്ളവരിലും കാണാം. ഡെന്‍റിസ്റ്റിനെ കണ്ടാല്‍ വേദനയ്ക്കുള്ള കാരണം കൃത്യമായി കണ്ടെത്തി പരിഹരിക്കാൻ സാധിക്കുന്നതാണ്.

പല്ലിന് ഇളക്കം…

പല്ലിന് ഇളക്കം വരികയോ പല്ല് ഇളകിപ്പോരുകയോ ചെയ്യുന്ന അവസ്ഥയും ചിലരിലുണ്ടാകാം. ഇതും മോണരോഗത്തിന്‍റെ തന്നെ സൂചനയായാണ് അധികവും വരുന്നത്. അതുപോലെ തന്നെ ‘ഓസ്റ്റിയോപോറോസിസ്’ അഥവാ എല്ല് തേയ്മാനത്തിന്‍റെയും ലക്ഷണമായി ഇത് സംഭവിക്കാം.

പല്ലില്‍ നിറവ്യത്യാസം…

പല്ലിന്‍റെ ഉപരിതലത്തില്‍- അഥവാ ഇനാമലില്‍ നിറവ്യത്യാസം വരുന്നുണ്ടെങ്കില്‍ ഇതും ശ്രദ്ധിക്കുക. അധികവും പുളിച്ചുതികട്ടല്‍ പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ഇതിലേക്ക് നയിക്കുക. അതുപോലെ ലഹരി ഉപയോഗവും പുകയില ഉപയോഗവുമെല്ലാം ഇത്തരത്തില്‍ പല്ലില്‍ നിറവ്യത്യാസം വരുത്താം.

വായ്‍നാറ്റം…

വായ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ മാത്രമാണ് വായ്‍നാറ്റമുണ്ടാവുക എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. വയറിനെ ബാധിക്കുന്ന പ്രശ്നങ്ങളുള്ളവരിലും മോണരോഗമുള്ളവരിലുമാണ് സത്യത്തില്‍ ഏറെയും വായ്‍നാറ്റം കണ്ടുവരുന്നതെന്ന് ഡെന്‍റിസ്റ്റുകള്‍ തന്നെ പറയുന്നു. ചില ഭക്ഷണപദാര്‍ത്ഥങ്ങളും വായ്‍നാറ്റമുണ്ടാക്കാം. ഉള്ളി- വെളുത്തുള്ളി എല്ലാം ഇതിനുദാഹരണമാണ്. എന്നാലിത്തരത്തില്‍ വായ്‍നാറ്റമുണ്ടാകുന്നത് താല്‍ക്കാലികം മാത്രമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button