ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ അപലപിച്ച് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി) ഉള്‍പ്പെടെയുള്ള ഇസ്ലാമിക സംഘടനകള്‍ രംഗത്ത് എത്തി. രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് അദ്ദേഹത്തെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും വേണ്ടി രൂപകല്‍പ്പന ചെയ്തതാണെന്ന് പ്രസ്താവനയില്‍ ഐഎഎംസി ആരോപിച്ചു. വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് തങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
Read Also; പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടും: അനുശോചനം അറിയിച്ച് നരേന്ദ്ര മോദി
അധികാരത്തില്‍ പിടിച്ചുനില്‍ക്കാനും, പ്രതിപക്ഷത്തെ നശിപ്പിക്കാനും, ഭരണകൂടത്തിനെതിരെ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കാനുമുള്ള ഭരണകക്ഷിയുടെ നയത്തിനെതിരെ സംഘടനാ നേതാക്കള്‍ രംഗത്ത് വന്നു. 2019 ല്‍, ഒരു തിരഞ്ഞെടുപ്പ് റാലിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ കുടുംബപ്പേരാണ് കള്ളന്മാര്‍ക്കുള്ളതെന്ന് രാഹുല്‍ ഗാന്ധി പ്രസംഗം നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ കേസ് കൊടുത്തതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി ജനാധിപത്യത്തോടുള്ള സംഘ്പരിവാറിന്റെ പകപോക്കലാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിമര്‍ശനത്തെയും മറു ശബ്ദത്തേയും ഏറെ ഭീതിയോടെയാണ് ഫാസിസം കാണുന്നതെന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. സംഘ്പരിവാറിന്റെ അസഹിഷ്ണുതയുടെ ആഴമാണ് നീക്കം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘മാനനഷ്ടക്കേസ് അദ്ദേഹത്തെ ഉപദ്രവിക്കാനും ഭയപ്പെടുത്താനുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാനുള്ള തീരുമാനം കടുത്ത അനീതിയാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Post Your Comments