കട്ടപ്പന : കാഞ്ചിയാറില്‍ നഴ്‌സറി സ്‌കൂള്‍ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭര്‍ത്താവ് വിജേഷിനെ പിടികൂടിയത് കുമളി റോസാപ്പൂകണ്ടത്തു നിന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണ് അനുമോൾ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെ ഭർത്താവ് വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം കുമളി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് വ്യക്തമായി. എന്നാൽ, കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതിനെത്തുടര്‍ന്ന് നാട്ടില്‍ എത്തി സുഹൃത്തുക്കളില്‍ നിന്നും സഹായം തേടുന്നതിനായി ശ്രമിക്കുമ്പോള്‍ ആണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ വിജേഷ് അവശ നിലയിലായിരുന്നു. പിടിയിലായപ്പോള്‍ ഭക്ഷണം വേണമെന്ന് വിജേഷ് പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട് .
വിജേഷിന്റെ മൊബൈല്‍ ഫോണ്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വനമേഖലയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് വിജേഷ് മൊബൈല്‍ വനത്തില്‍ ഉപേക്ഷിച്ചത്. എന്നാൽ കൈവശം ഫോൺ ഇല്ലാത്തതുകൊണ്ട് വിജേഷിനെ പിന്തുടരാൻ പൊലീസിന് സാധിച്ചില്ല. ഇതോടെ അന്വേഷണസംഘം ഇയാളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തി വരികയായിരുന്നു. വിജേഷ് ബന്ധപ്പെട്ടാൽ വിവരം അറിയിക്കാൻ പൊലീസ് ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
അതിനിടെയാണ് നാലു ദിവസത്തിനുശേഷം വിജേഷ് തിരിച്ചുവരുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചത്. വീട്ടിലെത്തി വേഷം മാറി വനാതിർത്തിയിലൂടെ വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം വിജേഷിനെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ അദ്ധ്യാപകയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. അതിന് അഞ്ച് ദിവസം മുമ്ബ് യുവതി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതല്‍ കാണാനില്ലായിരുന്നു.
മൃതദേഹം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷിന്റെ കൈയില്‍ നിന്നും ഫോണ്‍ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച്ച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോണ്‍ ഇയാള്‍ക്ക് വിറ്റത്. ഈ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോള്‍. 17ന് സ്‌കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാല്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമോള്‍ സ്‌കൂളിലെത്തിയില്ല. മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്ബതികള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി.
പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. വീട് പൂട്ടിയിരുന്നതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.
Post Your Comments