തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങിയ മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട് ഇനിമുതൽ റിപ്പോർട്ടർ ചാനലിൽ. റിപ്പോർട്ടർ ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റ വിവരം ചാനൽ തന്നെയാണ് പുറത്തുവിട്ടത്. ഒരിടവേളക്ക് ശേഷമാണ് സ്മൃതി റിപ്പോർട്ടർ ടിവിയിലേക്ക് മടങ്ങിയെത്തുന്നത്. കൈരളി ചാനലിലൂടെ ടെലിവിഷൻ രംഗത്ത് പ്രവർത്തനമാരംഭിച്ച സ്മൃതി ഇന്ത്യാ വിഷൻ, മനോരമ ന്യൂസ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ടിവി അവതാരകയ്ക്കുള്ള പുരസ്‌കാരം, മാസ്റ്റർ വിഷൻ ഇന്റർനാഷണൽ പുരസ്‌കാരം, കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണ് മീഡിയ വൺ എന്ന് സ്‌മൃതി ചാനൽ വിട്ടപ്പോൾ അറിയിച്ചിരുന്നു.
അതേസമയം, റിപ്പോർട്ടർ ചാനല്‍ ഉടമകള്‍ മറ്റൊരു കമ്പനിക്ക് വിറ്റുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നികേഷ് കുമാറിന്റെ ഭാര്യ റാണി ജോർജാണ് റിപ്പോർട്ടർ ചാനലിന്റെ മുഖ്യ ഷെയർ ഹോള്‍ഡർമാരില്‍ ഒരാള്‍. ഇവർ തന്റെ ഓഹരികള്‍ വിറ്റ് പൂർണ്ണമായും ചാനലുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നു എന്ന തരത്തിലാണ് വാർത്തകള്‍. ചാനല്‍ കൈമാറ്റം പൂർത്തിയാവുതോടെ തലപ്പത്ത് നിന്നും നികേഷ് കുമാറും ഒഴിഞ്ഞേക്കും.
Post Your Comments