രാഹുൽ അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ച് കോൺഗ്രസിന്റെ അസത്യപ്രചാരണങ്ങൾ ഭയമുളവാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.ഹൈക്കോടതിയും സുപ്രീം കോടതിയും അടക്കമുള്ള ഉന്നത നീതി പീഠങ്ങളിലെ നിയമ പോരാട്ടം ബാക്കി കിടക്കുമ്പോഴാണ് അസത്യപ്രചാരണം എന്ന് അദ്ദേഹം പറഞ്ഞു. അയോഗ്യനാക്കിയത് കോടതിയാണ്, കേന്ദ്ര സർക്കാരല്ല എന്ന് ഇവർക്കെല്ലാം അറിയാമായിരുന്നിട്ടും അക്രമമാണ് നടത്തുന്നതെന്ന് സന്ദീപ് പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കളുടെ പ്രതികരണം കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി. ഈ പാർട്ടി അടുത്ത കാലത്തൊന്നും രക്ഷപ്പെടാൻ പോകുന്നില്ല. ഒരു സമുദായത്തെ അധിക്ഷേപിച്ചതിന് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. അതിന് കേന്ദ്ര സർക്കാരിനെയും നിയമ സംവിധാനത്തെയും മൊത്തമായി കോൺഗ്രസ്സ് അവഹേളിക്കുകയാണ്. ഈ രാജ്യം 60 വർഷം ഭരിച്ച പാർട്ടിയാണ് ഇത് ചെയ്യുന്നത് എന്ന് ഓർക്കണം. ഹൈക്കോടതിയും സുപ്രീം കോടതിയും അടക്കമുള്ള ഉന്നത നീതി പീഠങ്ങളിലെ നിയമ പോരാട്ടം ബാക്കി കിടക്കുമ്പോഴാണ് ഈ സാഹസം.
‘സത്യം പറയുന്നത് ഇനിയും തുടരും.’ എന്നാണ് മറ്റൊരു പ്രതികരണം. എന്താണ് ഇതിനർത്ഥം? മോദി സമുദായം മുഴുവൻ കള്ളന്മാരാണ് എന്ന രാഹുലിൻ്റെ പ്രസ്താവന സത്യമാണെന്നാണോ? അതോ കോടതി സ്വാധീനത്തിന് വഴങ്ങി ശിക്ഷ വിധിച്ചു എന്നാണോ? കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി തുടങ്ങി നിരവധി എണ്ണം പറഞ്ഞ അഭിഭാഷകർ ഉള്ള പാർട്ടി ഈ കേസിനെ ഗൗരവമായി എടുത്തില്ല എന്നതാണ് യാഥാർത്ഥ്യം.
കീഴ്ക്കോടതിയിലെ വീഴ്ച പരിഹരിക്കാൻ ഉള്ള അവസരം സമർത്ഥമായി വിനിയോഗിച്ച് തിരികെ വരാൻ ശ്രമിക്കുന്നതിന് പകരം നിലവിലുള്ള സംവിധാനത്തെ മുഴുവൻ അവഹേളിക്കുന്നത് അടിയന്തരാവസ്ഥയുടെ പ്രേതം ഇപ്പോഴും കൂടെ ഉള്ളത് കൊണ്ടാണ്. പ്രത്യേക കുടുംബത്തിൽ ജനിച്ചതിനാലും കുടുംബ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നതിനാലും എല്ലാത്തിലും മീതെയാണ് എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഇതാണ് മനോനില എങ്കിൽ അധികാരം ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ചിന്ത തന്നെ ഭയപ്പെടുത്തുന്നതാണ്. ഇത് പോലെ ഒരു അയോഗ്യത കേസിലാണ് ഇവർ ഈ രാജ്യത്തെ മുഴുവൻ രണ്ട് വർഷത്തോളം തടവിലാക്കിയത്. ഇപ്പോഴും അത് സ്വപ്നം കാണുന്ന ചിലരാണ് ഈ പാർട്ടിയുടെ അന്തക വിത്തുകൾ.
Post Your Comments