ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സിബിഐ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മേഘാലയയിലെ എന്‍പിപി സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിന് അമിത്ഷായെ ചോദ്യം ചെയ്യണമെന്നാണ് മാര്‍ച്ച് 21ന് സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ജയറാം രമേശ് ആവശ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കോണ്‍റാഡ് സാഗ്മ നേതൃത്വം നല്‍കിയ എന്‍പിപി സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞിരുന്നു. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 17ന് നടത്തിയ റാലിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അമിത്ഷാക്ക് എന്‍പിപി മുന്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ എത്തിച്ചേരാന്‍ ആവശ്യമായ വിവരങ്ങള്‍ തീര്‍ച്ചയായും ലഭിച്ചിട്ടുണ്ടാകുമെന്ന് ജയ്റാം രമേശ് കത്തില്‍ പറയുന്നു.
ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ അമിത്ഷാ വിഷയത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും അത് കൊണ്ട്, അമിത് ഷായെ വിളിച്ചുവരുത്തി ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച തെളിവുകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്നും ജയറാം രമേശ് കത്തില്‍ പറയുന്നു.
Post Your Comments