ചേർപ്പ്: തൃശൂര്‍ ചേർപ്പ് സദാചാര കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസ് ഡ്രൈവർ ചിറയ്ക്കൽ സഹാർ(33) കൊല്ലപ്പെട്ട കേസിൽ അഞ്ച് പേരെയാണ് പോലീസ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറയ്ക്കൽ കോട്ടം നിവാസികളായ കറുപ്പംവീട്ടിൽ അമീർ(30), കൊടക്കാട്ടിൽ അരുൺ (21), ഇല്ലത്തുപറമ്പിൽ സുഹൈൽ (23), കരുമത്തുവീട്ടിൽ നിരഞ്ജൻ (22), മച്ചിങ്ങൽ ഡിനോൺ(28) എന്നിവരാണ് അറസ്റ്റിലായത്.
നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ നിന്നാണ് നാല് പേര് പിടിയിലായത്. ഉത്തരാഖണ്ഡ് ഗോപേശ്വരം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാലുപേരെയും നാട്ടിലെത്തിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തിയപ്പോഴാണ് ഡിനോൺ പിടിയിലായത്.
പ്രതികളിൽ ഭൂരിഭാഗം പേരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടത്.
പ്രതികൾക്ക് വിവിധ രീതിയിൽ സഹായംചെയ്ത എല്ലാവരെയും പിടികൂടുമെന്ന് റൂറൽ എസ്പി ഐശ്വര്യ ഡോങ്രേ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് എന്നിവർ പറഞ്ഞു. ഇനി അഞ്ച് പ്രധാന പ്രതികളെക്കൂടി കിട്ടാനുണ്ട്. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്(37), കരിക്കന്ത്ര വിഷ്ണു (31), നെല്ലിപ്പറമ്പിൽ രാഹുൽ(34), മച്ചിങ്ങൽ അഭിലാഷ്(27), മൂർക്കനാട് കാരണയിൽ ഗിഞ്ചു (28) എന്നിവർ ഒളിവിലാണ്.
Post Your Comments