യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്ററി റോയൽ ഗെയിമായ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്ക് (ബിഗ്മി/ BIGMI) ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ചില മാറ്റങ്ങളോടുകൂടി മാത്രമാണ് ബിഗ്മി ഉപയോക്താക്കൾക്കിടയിലേക്ക് എത്തുക. സർക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾ ഗെയിം ഡെവലപ്പർമാർ വരുത്തുന്നതോടെ ബിഗ്മി തിരിച്ചെത്തുമെന്നാണ് സൂചന.
ഗെയിം കളിക്കുന്നവരിൽ ആസക്തി ഉണ്ടാക്കാതിരിക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ, ബിഗ്മി ഗെയിം കളിക്കാൻ നിശ്ചിത സമയ പരിധി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഗെയിമിൽ കാണുന്ന രക്തപ്പാടുകളുടെ നിറം പച്ചനിറത്തിൽ മാത്രം തെളിയുന്ന സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് പച്ച നിറത്തിലേക്കും ചുവന്ന നിറത്തിലേക്കും ഇഷ്ടാനുസരണം നിറങ്ങൾ മാറ്റാൻ സാധിച്ചിരുന്നു.
നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ബിഗ്മി നടത്തിയിട്ടില്ല. അതേസമയം, 2023- ന്റെ പകുതിയോടെ ബിഗ്മി തിരിച്ചെത്തുമെന്നാണ് സൂചന. ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ പബ്ജി ഗെയിമിന്റെ ഇന്ത്യൻ പതിപ്പാണ് ബിഗ്മി. 2022 ജൂലൈ 28-നാണ് രാജ്യത്ത് ബിഗ്മി ഗെയിമിന് നിരോധനം ഏർപ്പെടുത്തിയത്.
Leave a Comment