മുംബൈ: പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഗുരുഗ്രാം സ്വദേശിനിയായ യുവതിയുടെ 20 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ആറ് തവണയായി 20,37,194 രൂപയാണ് യുവതിയില്‍ നിന്നും തട്ടിയെടുത്തത്.
നിയമവിരുദ്ധമായ പാഴ്സൽ വന്നിട്ടുണ്ടെന്നും ഇത് കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണെന്നും പറഞ്ഞ് കൊറിയർ കമ്പനിയിൽ നിന്നെന്ന് വ്യാജേന ആണ് യുവതിക്ക് ആദ്യമായി കോൾ വരുന്നത്. തുടർന്ന് കോൾ പോലീസിന് കൈമാറുകയാണെന്ന് പറഞ്ഞു. മുംബൈ പോലീസിന്റെ സൈബർ ക്രൈം യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന വ്യാജേന വിളിച്ച് യുവതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി നിരവധി ക്രിമിനൽ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തനിക്ക് മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് യുവതി അറിയിച്ചപ്പോൾ അക്കൗണ്ടുകൾ യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാനായി 49,999 രൂപ നിക്ഷേപിക്കാൻ പ്രതികൾ യുവതിയോട് പറഞ്ഞു.
ഇത് അന്വേഷണം ആരംഭിക്കാനാണെന്നും പ്രതികൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് യുവതിയുടെ പക്കൽ നിന്നും ആറ് തവണയായി 20 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments