ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് കോണ്‍ഗ്രസ്. ആറ് മാസത്തേക്ക് സമയപരിധി നീട്ടണമെന്നും, 1000 രൂപ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അധീര്‍ രഞ്ജന്‍ ചൗധരി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത 6 മാസത്തേക്ക് നീട്ടണമെന്നും നടപടിക്രമം സൗജന്യമാക്കണമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 31 ആണ് ഇതിനുള്ള അവസാന തീയതി. കൂടാതെ 1000 രൂപ പിഴയും നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം കുറവാണെന്നും ഈ അവസരം മുതലെടുത്ത് ബ്രോക്കര്‍മാര്‍ ഗ്രാമീണരില്‍ നിന്ന് പണം തട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഇതുകൂടി താങ്ങാന്‍ കഴിയില്ല, ഇത് സങ്കടകരമാണ്. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ജനങ്ങളെ സഹായിക്കുന്നതിന് പ്രാദേശിക, സബ് പോസ്റ്റ് ഓഫീസുകളെ ശാക്തീകരിക്കുന്നതിനായി ധനമന്ത്രാലയത്തിനും റവന്യൂ വകുപ്പിനും ആറുമാസം കൂടി സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി അധീര്‍ രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നു.
Post Your Comments