ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്ന് സിബിഐ. മെഹുല്‍ ചോക്‌സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുമെന്നും, ഇന്റര്‍പോളിന്റെ ഇപ്പോഴത്തെ നടപടി ഇതിന് തടസമാകില്ലെന്നും സിബിഐ പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന സര്‍ക്കാര്‍ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കേയാണ് ഇന്റര്‍പോളിന്റെ നടപടി. ഇത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത തിരിച്ചടിയാണ്. ചോക്‌സിക്കെതിരെ 2018ലാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് 2018 ലും 2020 ലും നോട്ടീസ് പിന്‍വലിക്കാന്‍ ചോക്‌സി അപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ വീണ്ടും അപേക്ഷ നല്‍കി, തന്നെ ആന്റിഗ്വയില്‍ നിന്നും ഡൊമിനിക്കയിലേക്ക് ഇന്ത്യയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്നും, ഇന്ത്യയിലേക്ക് കൊണ്ടുപോയാല്‍ സുതാര്യമായ വിചാരണ നടപടികള്‍ നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മെഹുല്‍ ചോക്‌സിയുടെ അപേക്ഷ. ഈ അപേക്ഷയിലാണ് കമ്മീഷന്‍ ഫോര്‍ കണ്ട്രോള്‍ ഓഫ് ഇന്റര്‍പോള്‍സ് ഫയല്‍സ് അഥവാ സിസിഎഫ് കഴിഞ്ഞ ദിവസം നോട്ടീസ് പിന്‍വലിച്ചത്. ഇതോടെ ആന്റിഗ്വയില്‍ തുടരുന്നതിന് മെഹുല്‍ ചോക്‌സിക്ക് നിയമതടസമില്ല.
Post Your Comments