കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തി. റെയ്ഡ് തുടരുകയാണെന്നാണ് വിവരം. കൊച്ചി, ചെന്നെ, കൊയിലാണ്ടി തുടങ്ങിയ ഇടങ്ങളിലുള്ള വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. ഒരേസമയമാണ് റെയ്ഡ് നടത്തിയത്. അതോടൊപ്പം ശോഭാ ഡവലപ്പഴ്‌സിന്റെ കൊച്ചി, തൃശൂര്‍ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം.
രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിനിമയങ്ങളുടെയും വിശദവിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം ശേഖരിക്കുന്നുണ്ട്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ഇടപാടുകള്‍ നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്. രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നീ ഘടകങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.
പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദ നായകനായ വ്യവസായി ആണ് ഫാരിസ് അബൂബക്കര്‍. 92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമിയുണ്ട്. ഇവിടെ വിദേശ നിക്ഷേപവും ഉണ്ട്. ഇതും അന്വേഷിക്കും.
Post Your Comments