നെയ്യാറ്റിൻകര: ആന്ധ്രപ്രദേശിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിൽ വീണ്ടും കഞ്ചാവ് കച്ചവടം നടത്തവെ അറസ്റ്റിൽ. വിഴിഞ്ഞം കോളിയൂർ ഞാറവിളവീട്ടിൽ നിതിനെ(22)യാണ് 1.300 കിലോ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തി വന്നയാളാണ് പിടിയിലായത്. മുക്കോല-മുട്ടക്കാട് പ്രദേശത്തെ പ്രധാന കഞ്ചാവ് ചില്ലറ മൊത്ത വിൽപനക്കാരനാണ് പ്രതി. തോൾ സഞ്ചിയിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ഐ.ബി പാർട്ടിയും സംയുക്തമായി പട്രോളിങ്ങിനിടയിൽ മുക്കോലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഐ.ബി പ്രിവന്റിവ് ഓഫീസർ കെ. ഷാജു, പ്രിവന്റിവ് ഓഫീസർ എസ്. ഷാജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.പി. അനീഷ് കുമാർ, യു.കെ. ലാൽ കൃഷ്ണ, എൻ. സുഭാഷ് കുമാർ, വി. വിജേഷ്, എച്ച്.ജി. അർജുൻ, വി.ജെ. അനീഷ്, ഡ്രൈവർ സൈമൺ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments