കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചു. അച്ഛന് ജാമ്യം കിട്ടുന്നതിനായി അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദനാണ് കോടതിയില്‍ ഹാജരായത്. തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അച്ഛനെ അനുവദിക്കണമെന്നും ഇതിനായി 15 ദിവസത്തെ പരോൾ വേണമെന്നുമായിരുന്നു മകൾ വാദിച്ചത്. എന്നാല്‍ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്.
ഈ മാസം 22ന് ആണ് മകളുടെ വിവാഹം. 21ാം തീയതി വിവാഹത്തില്‍ തലേദിവസം പൊലീസ് സംരക്ഷണത്തില്‍ റിപ്പര്‍ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാം. എന്നാല്‍ ഇയാള്‍ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു. ഈ ഉപാധികൾ അഭിഭാഷകയായ മകൾ സമ്മതിച്ചു. തുടർന്നാണ് ജാമ്യം.
തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീര്‍ത്തി വാദിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു. തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് ജയാനന്ദനെ പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങുമ്പോൾ പോലീസ് സംരക്ഷണം ഉണ്ടാകും.
Post Your Comments