Latest NewsIndia

ശിവസേന കേസ്: പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് സര്‍ക്കാര്‍ നടപ്പാക്കിയില്ല- സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ തര്‍ക്കത്തിന്റെ സുപ്രീംകോടതിയിലെ അവസാന വിചാരണ വേളയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെ അംഗീകരിച്ച ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന ഉദ്ധവ് വിഭാഗം അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.

ലജിസ്ലേച്ചര്‍ പാര്‍ട്ടിയും പൊളിറ്റിക്കല്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. സഭക്കുള്ളിലും പുറത്തും സാമാജികരുടെ താത്പര്യങ്ങള്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും. ഭിന്നാഭിപ്രായം സഭക്ക് പുറത്താകാം. എന്നാല്‍ സഭക്കുള്ളില്‍ അതിന് സ്ഥാനമില്ല. -കപില്‍ സിബല്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുമ്പോള്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ല. ശിവസേന പൂര്‍ണമായും ബി.ജെ.പിയിലേക്ക് പോയിരുന്നെങ്കില്‍, ഗവര്‍ണര്‍ക്ക് വിശ്വാസവോട്ട് തേടാം. എന്നാല്‍ ഒരു വിഭാഗത്തിന്റെ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് അംഗീകാരം നല്‍കുന്നതായി ഗവര്‍ണറുടെ നടപടി, അവര്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ അവസരം നല്‍കുന്നതായി – കപില്‍ സിബല്‍ ആരോപിച്ചു.

വിമതര്‍ക്ക് സര്‍ക്കാറില്‍ വിശ്വാസമില്ലെങ്കില്‍ അവര്‍ രാജിവെച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു വേണ്ടിയിരുന്നത്. അത് ചെയ്യാതെ, മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ നടത്തിയ നീക്കമാണിതെന്ന് സിബല്‍ ആരോപിച്ചു.

ഇതിനാണ് സുപ്രീം കോടതിയുടെ മറുപടി ഉണ്ടായത്. സഭക്ക് സര്‍ക്കാറില്‍ വിശ്വാസമുണ്ടായിരിക്കണം എന്നതാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജിവെച്ച സര്‍ക്കാറിനെ എങ്ങനെയാണ് വീണ്ടും തിരിച്ചെത്തിക്കുക എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഉദ്ധവ് സർക്കാർ ഇത്തരത്തിൽ അടിസ്ഥാന തത്വം പോലും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button