ചെങ്ങന്നൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിച്ച ജാഥ ക്ഷേത്ര ആചാരത്തെ അപമാനിച്ചതിനെതിരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി. ജീവത എഴുന്നള്ളത്തിനെ വികൃതമാക്കി ചിത്രീകരിച്ചു കൊണ്ട് പല്ലക്കില്‍ സിപിഎം ചിഹ്നം വച്ച് പ്രതീകാത്മക എഴുന്നള്ളത്ത് നടത്തുകയായിരുന്നു. ഇതിനെതിരെയാണ് പരാതി. സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി ഹൈന്ദവ വിശ്വാസികളുടെ വികാരത്തിനേറ്റ തിരിച്ചടിയാണ്. ഇതിനു കാരണമായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണ് ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി ആവശ്യപ്പെടുന്നത്. എന്നാല്‍ പരാതി കൊടുത്ത് രണ്ടു നാള്‍ കഴിഞ്ഞിട്ടും ചെങ്ങന്നൂര്‍ ഡി വൈ എസ് പി യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് പരാതിക്കാരുടെ ആരോപണം.
‘ഭക്ത വികാരം വ്രണപ്പെടുത്തിക്കൊണ്ട് ഓണാട്ടുകരയുടെ ആചാരാനുഷ്ഠാനത്തിന്റെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഹൈന്ദവ ക്ഷേത്ര ആചാരഭാഗമായ ജീവിത എഴുന്നള്ളത്തിനെ തെരുവില്‍ അപമാനിച്ച് വികലമാക്കിയ അവിശ്വാസികളുടെ കാടത്തത്തിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ചെങ്ങന്നൂര്‍ ടൗണില്‍ വന്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്താന്‍ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ മേല്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം’ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതി പ്രസിഡന്റ് ഹരികൃഷ്ണന്‍ ചെങ്ങന്നൂര്‍ സെക്രട്ടറി രമേഷ് കരുനാഗപ്പള്ളി എന്നിവര്‍ അറിയിച്ചു.
Post Your Comments