പാനിപ്പത്ത്: എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ഞെട്ടി കുടുംബവും സുഹൃത്തുക്കളും. മാതാപിതാക്കള്‍ക്ക് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ ജാൻവി ആത്മഹത്യ ചെയ്തത്. കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയായിരുന്നു പെൺകുട്ടിയുടെ കടുംകൈ. തല അടിച്ചായിരുന്നു പെൺകുട്ടി വീണത്, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുപാട് രക്തം വാർന്ന് പോയത് മരണത്തിലേക്ക് നയിക്കുകയായിരുന്നു. ഹരിയാനയിലെ പാനിപ്പത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
സമല്‍ഖയിലുള്ള പിഐഇടി കോളേജ് വിദ്യാര്‍ത്ഥിനിയായ ജാന്‍വിയാണ് ജീവനൊടുക്കിയത്. വീട്ടിലെ സ്വന്തം മുറിയിൽ ജാൻവി എഴുതിവെച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. മാതാപിതാക്കളോട് മാപ്പ് അപേക്ഷിച്ച് കൊണ്ടെഴുതിയ കത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും വ്യക്തമാക്കുന്നു. ‘എനിക്ക് ഒരു എഞ്ചിനീയര്‍ ആകാന്‍ കഴിയില്ല, എനിക്ക് ഇനി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. അതിനാലാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നത്… അമ്മയും അച്ഛനും ക്ഷമിക്കണം. ഞാന്‍ അവസാനിപ്പിക്കുന്നു’, ഇങ്ങനെയായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.
പിഐഇടി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് ജാന്‍വിയെന്ന് സമല്‍ഖ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സുനില്‍ ശര്‍മ്മ പറഞ്ഞു. പെണ്‍കുട്ടി കുറച്ചു കാലമായി വിഷാദാവസ്ഥയിലായിരുന്നു. ഇക്കാരണത്താലാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം കോളജിൽ എത്തിയാണ് പെൺകുട്ടി ജീവനൊടുക്കിയത്.
Post Your Comments