തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിയ്ക്ക് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ഫോൺ മിനിട്ടുകൾക്കുള്ളിൽ കണ്ടെത്തി തിരികെ നൽകി പോലീസ്. വർക്കലയിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്കുളള ട്രെയിൻ യാത്രയിലാണ് യു.കെ സ്വദേശിയായ വിദ്യാർത്ഥി സ്റ്റെർലിൻ ട്രോവയുടെ വിലപിടിപ്പുളള മൊബൈൽ ഫോൺ അബദ്ധത്തിൽ പുറത്തേയ്ക്ക് വീണത്. ചെങ്ങന്നൂർ പിന്നിട്ട് കുറച്ച് ദൂരം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ഉടനെ സഹയാത്രികരുടെ മൊബൈൽ ഫോണിൽ നിന്ന് വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റേഷനായ തിരുവല്ലയിൽ ഇറങ്ങിയ വിദ്യാർത്ഥി സമയം കളയാതെ ഓട്ടോ വിളിച്ച് തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
Read Also: ഹ്രസ്വ കാല സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവരാണോ? മാർച്ചിൽ കാലാവധി തീരുന്ന ഈ സ്കീമുകളെ കുറിച്ച് അറിയൂ
പരാതി ലഭിച്ചയുടൻ പോലീസ് ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനത്തിലൂടെ മൊബൈൽ ഫോൺ കിടക്കുന്ന സ്ഥലം മനസിലാക്കി. കൂടാതെ ഫോണിലേയ്ക്ക് നിരന്തരം വിളിക്കുകയും ചെയ്തു. ഫോൺ നഷ്ടപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന സ്റ്റെർലിനെ ആശ്വസിപ്പിച്ച് സ്റ്റേഷനിൽ വിശ്രമിക്കാൻ സൗകര്യമൊരുക്കി. ഇതേസമയം തന്നെ തിരുവല്ല പോലീസിന്റെ മറ്റൊരു സംഘം ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ ഫോൺ വീണുപോയ സ്ഥലത്ത് ഉടനെത്തി. പാളത്തിൽ പണിയെടുത്തിരുന്ന തൊഴിലാളികൾക്ക് ലഭിച്ച ഫോൺ ഉടനടി സ്ഥലത്തെത്തിയ പോലീസിന് കൈമാറി. 20 മിനിറ്റിനുളളിൽ ഫോൺ വീണ്ടെടുത്ത് പോലീസ് സംഘം സ്റ്റേഷനിൽ തിരിച്ചെത്തി. പാളത്തിൽ നിന്ന് ഫോൺ കണ്ടെടുത്ത തൊഴിലാളികൾക്കുതന്നെ ഫോൺ ഉടമയ്ക്ക് കൈമാറാനുളള അവസരവും പോലീസ് നൽകി.
നഷ്ടപ്പെട്ടുപോയ സ്വന്തം ഫോൺ മിനിറ്റുകൾക്കുളളിൽ തിരുവല്ല പോലീസ് കണ്ടെത്തി നൽകിയതിന്റെ ആശ്ചര്യത്തിലാണ് സ്റ്റെർലിൻ ട്രോവ. ദ്രുതഗതിയിൽ പ്രവർത്തിച്ച കേരളത്തിലെ പോലീസ് സംവിധാനത്തിന് നന്ദി അറിയിച്ച് പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ഫോട്ടോയുമെടുത്താണ് ഹൈദരാബാദ് സർവ്വകലാശാലയിൽ പഠിക്കുന്ന ഈ വിദേശ വിദ്യാർത്ഥി മടങ്ങിയത്. ഇൻസ്പെക്ടർ ബി കെ.സുനിൽ കൃഷ്ണൻ, എസ്.സി.പി.ഒ എസ്.എൽ.ബിനുകുമാർ, സി.പി.ഒമാരായ അവിനാശ് വിനായക്, അനിൽകുമാർ കെ എം എന്നിവരാണ് ഫോൺ വീണ്ടെടുത്ത ഉദ്യോഗസ്ഥസംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments