തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് സുധാകരനെന്ന് വി ശിവൻകുട്ടി ആരോപിച്ചു. കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ.
വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.
രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾ ആണ് സമീപകാലത്ത് കോൺഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്ഫലം. ഈ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂ.
തലമുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താല്പര്യം ഉണ്ട്. കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നത് തീർച്ച.
Post Your Comments