റിയാദ്: റിയാദിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ച്ചയും. കല്ലുകൾ വാരിയെറിയുന്ന പോലുള്ള ശബ്ദത്തോടെയാണ് വാഹനങ്ങൾക്ക് മുകളിലും വീടുകളുടെ ടെറസിലും ജനാലകളിലും റോഡിലും ആലിപ്പഴങ്ങൾ പതിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റും റിയാദിൽ അനുഭവപ്പെട്ടു.
അതേസമയം, റിയാദ് പ്രവിശ്യയിൽ പെട്ട അഫ്‌ലാജിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വാഹനങ്ങളിലെ ആറു യാത്രക്കാരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ദക്ഷിണ സൗദിയിലെ അൽബാഹയിലുള്ള ഹസ്‌ന ചുരംറോഡിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടർന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ ഗതാഗതത്തിന് വിലക്കേർപ്പെടുത്തി. അൽബാഹക്ക് സമീപം ബൽജുർഷിയിലെ അൽജനാബീൻ അണക്കെട്ട് നിറഞ്ഞു കവിയുകയും ചെയ്തു.
കനത്ത മഴയെ തുടർന്ന് പ്രദേശത്തെ താഴ്‌വരകളിൽ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെയാണ് അണക്കെട്ട് നിറഞ്ഞത്. വരും ദിവസങ്ങളിലും മേഖലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Read Also: വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
Post Your Comments