
ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു.
കുഞ്ഞ് മരിച്ചതിനെ തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ട് പേരെയും കണ്ടെത്തിയത്.
ഫയർ ഫോഴ്സിനെ ബന്ധുക്കൾ വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments